Thursday, September 10, 2026
News99 Kerala

മെസ്സിയെയും പെലെയെയും മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ ടോപ്പ് സ്കോറർമാരിൽ മൂന്നാം സ്ഥാനത്ത് എംബാപ്പെ.സെനഗലിനെ തകർത്ത് ഫ്രാൻസ്

Logo
Sports June 17, 2026 | 04:04 AM
News Image
ക്യാപ്റ്റൻ കിലിയൻ എംബാപ്പെയുടെ റെക്കോർഡ് വേട്ടയുടെ കരുത്തില്‍ 2026 ഫിഫ ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ തന്നെ ഫ്രാൻസിന് തകർപ്പൻ ജയം.

ഗ്രൂപ്പ് ഐയിലെ ആവേശപ്പോരാട്ടത്തില്‍ ഫ്രാൻസ് കരുത്തരായ സെനഗലിനെ പരാജയപ്പെടുത്തിയത് ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ. ഇരട്ട ഗോളുമായി തിളങ്ങിയ എംബാപ്പെ ഫ്രഞ്ച് ഫുട്ബോള്‍ ചരിത്രത്തില്‍ പുതിയ അധ്യായം എഴുതിച്ചേർത്തിരിക്കുകയാണ്. ഫ്രാൻസിനു വേണ്ടി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമെന്ന റെക്കോർഡ് ഇനി എംബാപ്പെയ്ക്ക് സ്വന്തം.

രണ്ടാം പകുതിയില്‍ ഉണർന്നു കളിച്ച ഫ്രാൻസ്, സെനഗലിന്‍റെ കടുത്ത വെല്ലുവിളികളെ മറികടന്നാണ് ഗ്രൂപ്പില്‍ തങ്ങളുടെ ആദ്യ മൂന്ന് പോയിന്‍റുകള്‍ അക്കൗണ്ടിലാക്കിയത്. ആദ്യ പകുതിയില്‍ ഫ്രാൻസ് തികച്ചും സ്ലോ ആയ കളിയാണ് പുറത്തെടുത്തത്. ഈ സമയത്ത് സെനഗല്‍ മികച്ച മുന്നേറ്റങ്ങള്‍ നടത്തി ഫ്രഞ്ച് പ്രതിരോധത്തെ പരീക്ഷിച്ചു. സെനഗല്‍ താരം നിക്കോളാസ് ജാക്സന്‍റെ ഒരു ഷോട്ട് പോസ്റ്റിലും ഫ്രഞ്ച് ഗോളി മൈക്ക് മൈഗ്നാനിലും തട്ടിത്തെറിച്ചു. പിന്നീട് ജാക്സണ്‍ വലകുലുക്കിയെങ്കിലും റഫറി ഓഫ്‌സൈഡ് വിളിക്കുകയായിരുന്നു. ഇസ്മായില സാറിനും മികച്ചൊരു അവസരം ലഭിച്ചെങ്കിലും പന്ത് പോസ്റ്റിന് മുകളിലൂടെ പറന്നു.

എന്നാല്‍, രണ്ടാം പകുതിയില്‍ കോച്ച്‌ ദിദിയർ ദെഷാംപ്സിന്‍റെ തന്ത്രപരമായ മാറ്റങ്ങള്‍ ഫ്രാൻസിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു. ഉസ്മാൻ ഡെംബെലെ, മൈക്കല്‍ ഒലിസെ എന്നിവരുടെ പൊസിഷനുകളില്‍ വരുത്തിയ മാറ്റം ഫ്രാൻസിന്‍റെ ആക്രമണങ്ങള്‍ക്ക് മൂർച്ച കൂട്ടി.

ചരിത്രം കുറിച്ച്‌ എംബാപ്പെ

66-ാം മിനിറ്റ് (1-0): മൈക്കല്‍ ഒലിസെയുടെ മനോഹരമായ പാസ് സ്വീകരിച്ച എംബാപ്പെ സെനഗല്‍ ഡിഫെൻഡർമാരെ വെട്ടിച്ച്‌ ഗോളാക്കി മാറ്റി. ഈ ഗോളോടെ ഒലിവിയർ ജിറൂഡിന്‍റെ 57 ഗോളുകളെന്ന റെക്കോർഡിനൊപ്പം എംബാപ്പെയും എത്തി.

82-ാം മിനിറ്റ് (2-0): പകരക്കാരനായി ഇറങ്ങിയ ബ്രാഡ്‌ലി ബാർകോള, അഡ്രിയാൻ റാബിയോട്ടിന്‍റെ പാസില്‍ നിന്ന് ഫ്രാൻസിന്‍റെ ലീഡ് രണ്ടാക്കി ഉയർത്തുകയും ചെയ്തു.

90+5-ാം മിനിറ്റ് (2-1): 18-കാരനായ ഇബ്രാഹിം എംബായെയിലൂടെ മത്സരത്തിന്‍റെ ഇഞ്ചുറി ടൈമില്‍ സെനഗല്‍ ഒരു ഗോള്‍ മടക്കി കളിക്ക് വീണ്ടും ആവേശം പകർന്നു.

90+6-ാം മിനിറ്റ് (3-1): സെനഗലിന്‍റെ ആവേശം അടങ്ങും മുൻപ് തന്നെ എംബാപ്പെ ബോക്സിനു വെളിയില്‍ നിന്നു തൊടുത്ത വെടിയുണ്ട പോലൊരു ലോങ് റേഞ്ചർ സെനഗല്‍ ഗോളി എഡ്വേർഡ് മെൻഡിയെ കാഴ്ചക്കാരനാക്കി വലയില്‍ പതിച്ചു.

ഈ ഗോളോടെ 58 അന്താരാഷ്ട്ര ഗോളുകളുമായി എംബാപ്പെ ഫ്രാൻസിന്‍റെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരനായി മാറുകയായി. കൂടാതെ ലോകകപ്പുകളില്‍ 14 ഗോളുകള്‍ തികച്ച എംബാപ്പെ, മെസ്സിയെയും പെലെയെയും മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ ടോപ്പ് സ്കോറർമാരില്‍ മൂന്നാം സ്ഥാനത്തെത്തി.

കോച്ച്‌ ദിദിയർ ദെഷാംപ്സിനും റെക്കോഡ് ബുക്കില്‍ ഇടം നേടിക്കൊടുത്ത മത്സരമായി. ഇത്. ഹെഡ് കോച്ച്‌ എന്ന നിലയില്‍ അദ്ദേഹത്തിന്‍റെ ഇരുപതാം ലോകകപ്പ് മത്സരമായിരുന്നു. ബോറ മിലുട്ടിനോവിച്ച്‌, ഓസ്കർ ടബാരസ്, മരിയോ സഗാലോ എന്നിവർക്കൊപ്പമാണ് അദ്ദേഹം ഇപ്പോള്‍. മൂന്നു പേർ കൂടി ഇനി മുന്നിലുണ്ട്.

ഈ വിജയത്തോടെ ഫ്രാൻസ് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തെത്തി. മത്സരത്തിലെ മികച്ച പ്രകടനത്തിന് ഫ്രാൻസിന്‍റെ മൈക്കല്‍ ഒലിസെയെ പ്ലെയർ ഒഫ് ദി മാച്ചായി തെരഞ്ഞെടുത്തു. ഫ്രാൻസിന്‍റെ അടുത്ത മത്സരം തിങ്കളാഴ്ച ഫിലാഡല്‍ഫിയയില്‍ ഇറാഖിനെതിരേയാണ്.അന്നുതന്നെയാണ് സെനഗല്‍ നോർവേയെ നേരിടുക

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം