ഇന്നത്തെ പ്രഭാതത്തിലെ പ്രധാന വാർത്തകൾ
2026
സെപ്റ്റംബർ 09 ബുധൻ
1448 റ:അവ്വൽ 27
1202 ചിങ്ങം 24
👇🏻പ്രധാന വാർത്തകൾ
🎙️എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സിസ്റ്റത്തില്‍ തകരാര്‍; ബ്രിട്ടനില്‍ 1000 വിമാനങ്ങള്‍ റദ്ദാക്കി
ബ്രിട്ടനില്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സിസ്റ്റത്തിലെ തകരാറിനെ തുടര്‍ന്ന് ആയിരം വിമാനങ്ങള്‍ റദ്ദാക്കി. നൂറുകണക്കിന് വിമാനങ്ങള്‍ വൈകി, പല പ്രധാന വിമാനത്താവളങ്ങളുടെയും പ്രവര്‍ത്തനം താറുമാറായി. ഹീത്രോ, ഗാറ്റ്വിക്ക്, സ്റ്റാന്‍സ്റ്റഡ്, മാഞ്ചസ്റ്റര്‍, ബര്‍മിങ്ഹാം, എഡിന്‍ബറോ തുടങ്ങിയ വിമാനത്താവളങ്ങളിലാണ് തടസ്സം റിപ്പോര്‍ട്ട് ചെയ്തത്. വിമാനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ യുകെയിലെ വിവിധ വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ കുടുങ്ങിയതായി ഫ്‌ലൈറ്റ് ട്രാക്കിങ് വെബ്സൈറ്റ് ഫ്‌ലൈറ്റ്‌റാഡാര്‍ 24 റിപ്പോര്‍ട്ട് ചെയ്തു.
🎙️അരുണാചൽ പ്രദേശും അക്സായ് ചിനും ഇന്ത്യൻ അതിർത്തിക്ക് പുറത്തുകാട്ടി പുതിയ യു.എൻ മാപ്പ്; നിലപാട് കടുപ്പിച്ച് ഇന്ത്യ
ഐക്യരാഷ്ട്രസഭയുടെ പുതിയ ലോക മാപ്പിൽ അരുണാചൽ പ്രദേശും ലഡാക്കിന്റെ ഭാഗമായ അക്സായ് ചിനും ഇന്ത്യയുടെ അതിർത്തിക്ക് പുറത്തായി പ്രത്യേക പ്രദേശങ്ങളായി ചിത്രീകരിച്ചത് വിവാദത്തിൽ. ആഫ്രിക്കൻ യൂണിയന്റെ പിന്തുണയോടെ യു.എൻ പാസാക്കിയ 'കറക്റ്റ് ദി മാപ്പ്' പ്രമേയത്തിന്റെ ഭാഗമായാണ് ഈ പുതിയ ഭൂപടം തയാറാക്കിയിരിക്കുന്നത്.
അരുണാചൽ പ്രദേശിന്റെ നാഗാലാൻഡുമായുള്ള അതിർത്തി ഒഴിവാക്കി, അസമും ചൈനയുമായി അതിർത്തി പങ്കിടുന്ന സ്വതന്ത്ര പ്രദേശമായിട്ടാണ് മാപ്പിൽ ഇതിനെ ചിത്രീകരിച്ചിരിക്കുന്നത്.
തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ ചിത്രീകരണങ്ങൾ അംഗീകരിക്കാനാവില്ലെന്നും, ഇന്ത്യയുടെ പരമാധികാരാവകാശങ്ങൾ വ്യക്തവും സ്ഥിരവും വിട്ടുവീഴ്ച ചെയ്യാനാവാത്തതുമാണെന്ന് വിദേശകാര്യ മന്ത്രാലയം ശക്തമായ ഭാഷയിൽ വ്യക്തമാക്കി.
🎙️അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പൽ ഇറാൻ പിടിച്ചെടുത്തു
അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പൽ ഇറാൻ സൈന്യം പിടിച്ചെടുത്തു. ഇതിനുപിന്നാലെ ഇറാനുമായി ബന്ധമുള്ള സ്ഥാപനങ്ങൾക്കെതിരെ അമേരിക്ക പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തുകയും, ഇറാന്റെ എണ്ണ കയറ്റുമതി കേന്ദ്രങ്ങളിൽ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്തതോടെ പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായി.
സമുദ്രത്തിനടിയിൽ അയ്യായിരത്തിലധികം മീറ്റർ ആഴത്തിൽ തുടർച്ചയായി പത്തുദിവസത്തോളം ദൗത്യങ്ങൾ നടത്താൻ ശേഷിയുള്ള അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പലാണ് ഇറാൻ സൈന്യം പിടിച്ചെടുത്തത്.
🎙️അഞ്ച് എണ്ണക്കപ്പൽ യു.എസ് ആക്രമിച്ചു; യു.എസ് പടക്കപ്പലിനും സൈനിക താവളത്തിനും നേരെ ഇറാൻ മിസൈൽ
പശ്ചിമേഷ്യയിൽ യുദ്ധസമാന സാഹചര്യം വീണ്ടും രൂക്ഷമാകുന്നു. രണ്ടു ദിവസത്തിനിടെ രണ്ടുതവണ യു.എസ് യുദ്ധക്കപ്പലിന് നേരെ ഇറാൻ ബാലിസ്റ്റിക് മിസൈലാക്രമണം നടത്തി. ഇതിനുപിന്നാലെ ഒമാൻ ഉൾക്കടലിലും ഖാർഗ് ദ്വീപിന് സമീപത്തുമായി കിടന്നിരുന്ന അഞ്ച് ഇറാനിയൻ എണ്ണക്കപ്പലുകൾക്ക് നേരെ അമേരിക്ക ആക്രമണം നടത്തി. ഈ ആക്രമണങ്ങൾക്ക് മറുപടിയായി, യു.എസിന്റെ നിരവധി പോർവിമാനങ്ങൾ നിലയുറപ്പിച്ചിരിക്കുന്ന ജോർഡനിലെ അൽ അസ്രഖ് താവളത്തിന് നേരെ ഇറാൻ 20 മിസൈലുകൾ തൊടുത്തുവിട്ടു.
🎙️പ്രധാനമന്ത്രിയുടെ പരിപാടി നടക്കുന്നതിന് മുമ്പായി തോക്കും വ്യാജ ഐ.ഡി കാർഡുമായി രണ്ടുപേർ പിടിയിൽ
മുംബൈയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടിയുടെ വേദിക്കരികിലെ ഷോപ്പിംഗ് മാളില്‍നിന്ന് തോക്കും വ്യാജ ഐഡി കാര്‍ഡുകളുമായി മൂന്നു പേരെ പിടികൂടി. 24 കാരനും ഇയാളുടെ രണ്ടു സുരക്ഷാ ജീവനക്കാരുമാണ് പിടിയിലായത്. ബാന്ദ്ര കുര്‍ള കോംപ്ലക്സിലെ വേദിയില്‍ ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിന് മുമ്പാണ് ഇരുവരും പിടിയിലായത്. പ്രതികളുടെ കൈവശം പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള ഉദ്യോഗസ്ഥരെന്ന വ്യാജ ഐഡി കാര്‍ഡും കണ്ടെത്തിയിരുന്നു.
🎙️ഖാർഗെയോട് അയിത്തം: സമ്മർദത്തിനൊടുവിൽ കേസെടുത്തു, കോൺഗ്രസ് എം.പിമാരെ രാഷ്ട്രപതി കണ്ടില്ല
🎙️ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്കെതിരേ ജാതി അധിക്ഷേപം നടത്തിയ സംഭവത്തില്‍ 15 ദളിത് എംപിമാര്‍ ഡല്‍ഹി പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനില്‍ മൂന്നര മണിക്കൂര്‍ പ്രതിഷേധിച്ചതോടെ ഉത്തരാഖണ്ഡിലെ നൈനിറ്റാള്‍ പോലീസ് കേസെടുത്തു. ഖാര്‍ഗെ പ്രസംഗിച്ച വേദിയില്‍ 'ശുദ്ധികലശം' നടത്തി അപമാനിച്ച സംഭവത്തില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെടാന്‍ രാഷ്ട്രപതിയെ കാണാന്‍ കോണ്‍ഗ്രസ് എംപിമാര്‍ ശ്രമിച്ചെങ്കിലും അനുമതി നല്‍കിയില്ല. ഇതോടെയാണു 15 ദളിത് എംപിമാര്‍ പോലീസ് സ്റ്റേഷനില്‍ എത്തിയത്.
▪️കേരള വാര്‍ത്തകൾ
🎙️പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കണമെന്ന ഇഡിയുടെ നിര്‍ദേശം ഡിജിപി ആഭ്യന്തര സെക്രട്ടറിക്കു കൈമാറി. റിപ്പോര്‍ട്ട് പരിഗണിക്കുകയും കേസെടുക്കുകയും ചെയ്യേണ്ടേത് വിജിലന്‍സാണ്. സംസ്ഥാന സര്‍ക്കാര്‍ നിയമോപദേശം തേടുകയും രാഷ്ട്രീയ തീരുമാനമെടുക്കുകയും ചെയ്ത ശേഷമാകും റിപ്പോര്‍ട്ട് വിജിലന്‍സിന് കൈമാറുന്നത്. സിപിഎമ്മിനും എല്‍ഡിഎഫിനും ഇപ്പോഴത്തെ നീക്കങ്ങള്‍ കടുത്ത സമ്മര്‍ദമായിരിക്കുകയാണ്.
🎙️സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ഇന്നു തിരുവനന്തപുരത്ത് ഉന്നത തല യോഗം ചേരും. മന്ത്രി സണ്ണി ജോസഫിന്റെ ചേംബറില്‍ രാവിലെ പതിനൊന്നിനാണ് യോഗം. കെഎസ്ഇബി ചെയര്‍മാന്‍, ബോര്‍ഡ് അംഗങ്ങള്‍ എന്നിവരടക്കം യോഗത്തില്‍ പങ്കെടുക്കും. കടുത്ത വേനലിലെ വര്‍ധിച്ച ആവശ്യകത മുന്നില്‍ കണ്ട് വേണ്ടത്ര മുന്നൊരുക്കം നടത്തുന്നതില്‍ സര്‍ക്കാരിനും ബോര്‍ഡിനും വലിയ വീഴ്ച സംഭവിച്ചെന്ന വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ കൂടിയാണ് യോഗം ചേരുന്നത്.
🎙️ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കണമെന്ന ഇഡിയുടെ നിര്‍ദേശം രാഷ്ട്രീയ പകപോക്കല്‍ മാത്രമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ഇഡിയുടെ നിര്‍ദേശം യുഡിഎഫ് സര്‍ക്കാര്‍ പാലിക്കുമോ എന്നത് കേരളം ഉറ്റുനോക്കുകയാണ്. രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും ഗോവിന്ദന്‍ പറഞ്ഞു.
🎙️ മാസപ്പടി കേസില്‍ നിര്‍ണായക വഴിത്തിരിവുണ്ടായതില്‍ വ്യക്തിപരമായി സന്തോഷമുണ്ടെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. യഥാര്‍ത്ഥ പ്രതി പിണറായി വിജയനാണെന്നും കരിമണല്‍ കൊള്ളയിലൂടെ ലഭിച്ച പണം വിദേശത്തേക്ക് കടത്തിയെന്നും അദ്ദേഹം ആരോപിച്ചു.
🎙️ പിണറായിക്കെതിരായ എന്‍ഫോഴ്സ്മെന്റിന്റെ നടപടി വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും പുറത്തുവന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എന്‍ കെ പ്രേമചന്ദ്രന്‍ എം പി.
🎙️ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം ലഭിക്കുന്ന മലയാളി കായികതാരങ്ങള്‍ക്ക് 50 ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് കായികമന്ത്രി ഒ ജെ ജനീഷ്. വെളളി നേടുന്നവര്‍ക്ക് 30 ലക്ഷവും വെങ്കലം നേടുന്നവര്‍ക്ക് 20 ലക്ഷം രൂപയുമാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ഒരു ലക്ഷം രൂപ മുന്‍കൂറായി നല്‍കും.
🎙️ വിശാല സംസ്ഥാന സമിതിയില്‍ നിന്ന് വാര്‍ത്ത ചോരാതിരിക്കാന്‍ പങ്കെടുക്കുന്ന ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളില്‍ നിന്ന് ഫോണ്‍ വിവരങ്ങള്‍ ശേഖരിക്കാനുള്ള സമ്മതപത്രം ഒപ്പിട്ടുവാങ്ങിയ സംഭവത്തെക്കുറിച്ച് അറിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അതിനു വിശാല സംസ്ഥാന സമിതിയുമായി ബന്ധമില്ലെന്നും പരാതി തന്നാല്‍ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
🎙️ സിപിഎമ്മിന്റെ വിശാല സംസ്ഥാന കമ്മിറ്റി 13 മുതല്‍ 15 വരെ കോഴിക്കോട് നടക്കും. 307 പേര്‍ പങ്കെടുക്കും. പാര്‍ട്ടിയെ ഫലപ്രദമായി മുന്നോട്ടു നയിക്കാന്‍ ജനങ്ങളില്‍നിന്നു ലഭിച്ച 20,200 അഭിപ്രായങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. 15 നു കോഴിക്കോട് കടപ്പുറത്തു റാലിയും പൊതുസമ്മേളനവും നടക്കും.
🎙️ സംസ്ഥാനത്ത് ഡിജിറ്റല്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാക്ഷരതയ്ക്ക് പ്രാധാന്യം നല്‍കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍ ഷംസുദ്ദീന്‍. മാറുന്ന കാലഘട്ടത്തിനനുസരിച്ചുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും മന്ത്രി പറഞ്ഞു.
പാലക്കാട് അട്ടപ്പാടി ചെന്താമലയില്‍ നീലക്കുറിഞ്ഞി കാണാന്‍ പോയ യുവാക്കള്‍ വനത്തില്‍ കുടുങ്ങി. അട്ടപ്പാടി താവളം സ്വദേശികളായ അഭീന്ദര്‍ (23)ഷാനു (23) എന്നിവരാണ് വനത്തില്‍ കുടുങ്ങി കിടക്കുന്നത്. അട്ടപ്പാടി റേഞ്ച് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഇവര്‍ക്കായി തിരച്ചില്‍ നടത്തി.
🎙️ കണ്ണൂര്‍ സര്‍വകലാശാല രജിസ്ട്രാര്‍ സ്ഥാനത്തുനിന്ന് ജോബി കെ ജോസിനെ നീക്കം ചെയ്യാന്‍ സര്‍വകലാശാല സിന്‍ഡിക്കറ്റ് തീരുമാനിച്ചു. പഠനവകുപ്പില്‍ തിരികെ ചേരാന്‍ നിര്‍ദേശം നല്‍കി.
🎙️ കൈപ്പമംഗലത്ത് എട്ട് വിദ്യാര്‍ഥികള്‍ അപകടത്തില്‍പ്പെട്ട് മരിച്ച സംഭവത്തെത്തുടര്‍ന്ന് മണ്ണുത്തി - ഇടപ്പിള്ളി ദേശീയപാതയില്‍ അധികൃതര്‍ പരിശോധന നടത്തി. സര്‍ക്കാര്‍ നിര്‍ദേശപ്രകാരമായിരുന്നു പരിശോധന. സൂചന ബോര്‍ഡുകള്‍, സിഗ്നലുകള്‍, അനധികൃത പാര്‍ക്കിങ്, സുരക്ഷാ സംവിധാനങ്ങള്‍ എന്നിവ സംബന്ധിച്ച കാര്യങ്ങളാണ് സംഘം വിലയിരുത്തിയത്.
🎙️ തിരുവനന്തപുരം പനച്ചമൂടിലും പരിസരപ്രദേശങ്ങളിലുമുള്ള സ്വകാര്യ ഗോഡൗണുകളില്‍ സിവില്‍ സപ്ലൈസ് വകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയില്‍ 246 ചാക്ക് റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ പിടിച്ചെടുത്തു. അല്‍ അമീന്‍ ട്രേഡേഴ്‌സ് കോമ്പൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന തമിഴ്‌നാട് രജിസ്‌ട്രേഷന്‍ ലോറിയില്‍ കടത്താന്‍ ശ്രമിച്ച അരിയും ഗോതമ്പുമാണു പിടിച്ചത്.
🎙️വാഴച്ചാല്‍ ട്രൈബല്‍ ഹോസ്റ്റലില്‍ നിന്ന് അഞ്ചു വിദ്യാര്‍ത്ഥികളെ കാണാതായി. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് ഹോസ്റ്റലില്‍ നിന്ന് കുട്ടികള്‍ ചാടിപ്പോയത്. 7 വയസ്സുള്ള ഒരു കുട്ടിയും 8 വയസ്സുള്ള രണ്ടു പേരും 10, 12 വയസ്സുള്ള ഓരോ കുട്ടികളുമാണ് വനമേഖലയിലേക്ക് കടന്നത്.
🎙️ 12 ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പിവി അന്‍വറിന് ബോര്‍ഡ്- ചെയര്‍മാന്‍ സ്ഥാനങ്ങള്‍ നല്‍കരുതെന്ന് ദേശീയ വിവരാവകാശ കൂട്ടായ്മ. കാപ്പ പ്രകാരം നടപടി നേരിടേണ്ട വ്യക്തിക്ക് സ്ഥാനങ്ങള്‍ നല്‍കരുതെന്ന് മുഖ്യമന്ത്രിയെ കണ്ട് നിവദേനം നല്‍കിയെന്നും വിവരാവകാശ കൂട്ടായ്മ കോ-ഡിനേറ്റര്‍ കെവി ഷാജി തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
🎙️ വടകര എംഡിഎംഎ കേസിലെ രണ്ടാം പ്രതി കീര്‍ത്തന ജയില്‍ മോചിതയായി. ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്നാണ് കോഴിക്കോട് വനിത ജയിലില്‍നിന്നു കീര്‍ത്തന പുറത്തിറങ്ങിയത്. എംഡിഎംഎ വില്‍പനയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ കൈകാര്യം ചെയ്തിരുന്നത് കീര്‍ത്തന ആണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
🎙️ മലപ്പുറത്തെ മോര്‍ഫിംഗ് കേസിലെ പ്രതി പിടിയില്‍. തിരുവനന്തപുരം തിരുമല ഓടങ്കുഴി സ്വദേശി സുബിന്‍ ബാബുവാണ് പിടിയിലായത്.
🎙️കണ്ണൂർ പെരളശേരിയിൽ യുവാവ് ദുരൂഹ സാഹചര്യത്തിൽ കുഴഞ്ഞുവീണു മരിച്ചു. വടക്കുമ്പാട് ചാപ്പയിൽ താമത്ത് വളപ്പിൽ എൻ വി സജേഷാണ് (35) മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. വീട്ടിൽ നിന്നും അമ്മ ജോലി ചെയ്യുന്ന സ്ഥലത്തേക്ക് ഓടി പോകുന്നതിനിടെ യുവാവ് കുഴഞ്ഞുവീഴുകയായിരുന്നു.
*ദേശീയ വാർത്തകൾ*
🎙️ദേശീയ വനിതാ കമ്മീഷന്‍ സംഘടിപ്പിച്ച ജെന്റര്‍ റെസ്പോണ്‍സീവ് ഗവേണന്‍സ് വിഷയത്തിലുള്ള ദ്വിദിന ശില്പശാല കോണ്‍ഗ്രസ് പ്രതിനിധികള്‍ ബഹിഷ്‌കരിച്ചു. വനിതാ സംവരണ നിയമത്തിന്റെ ഭാവിയും മണ്ഡല പുനര്‍നിര്‍ണയ നിയമവും ഉള്‍പ്പെടെയുള്ള നിര്‍ണായക വിഷയങ്ങളില്‍ ചര്‍ച്ച അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ബഹിഷ്‌കരണം. കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എമാരായ ബിന്ദു കൃഷ്ണ, ഷാനിമോള്‍ ഉസ്മാന്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി.
🎙️ തമിഴ്നാട്ടില്‍ 5 നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിനുള്ള സ്റ്റേ മദ്രാസ് ഹൈക്കോടതി ഈ മാസം 28 വരെ നീട്ടി. വിജയ് ഒഴിഞ്ഞ തിരുച്ചിറപ്പള്ളി ഈസ്റ്റ് അടക്കം 5 മണ്ഡലങ്ങള്‍ക്കാണ് ഉത്തരവ് ബാധകം. തെരഞ്ഞെടുപ്പ് ഹര്‍ജികള്‍ നിലവിലുള്ളതിനാലാണ് വിലക്ക്.
🎙️ ബാങ്ക് ജീവനക്കാര്‍ രാജ്യവ്യാപകമായി സമരം പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ നടപ്പ് സാമ്പത്തികവര്‍ഷം പെര്‍ഫോമന്‍സ് ബേസ്ഡ് ഇന്‍സെന്റീവ് നടപ്പാക്കുന്നത് നിര്‍ത്തിവച്ച് കേന്ദ്രസര്‍ക്കാര്‍. പുതിയ ഇന്‍സെന്റീവ് സ്‌കീം നടപ്പാക്കുന്നതിനെതിരെ അടക്കം തൊഴിലാളി സംഘടനകള്‍ പ്രതിഷേധം അറിയിച്ചിരുന്നു.
🎙️ ഉത്തര്‍പ്രദേശിനെ ലോകത്തിന്റെ ടെക്സ്റ്റൈല്‍ ഹബ്ബാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 'യുപി' എന്ന പേരിന് ഇപ്പോള്‍ 'അണ്‍ലിമിറ്റഡ് പൊട്ടന്‍ഷ്യല്‍' എന്നാണ് അര്‍ത്ഥമെന്നും അദ്ദേഹം പറഞ്ഞു.
🎙️ പൊലീസ് സ്റ്റേഷനില്‍ സ്വന്തം തോക്കില്‍ നിന്ന് വെടിയേറ്റ് വനിതാ പൊലീസുകാരി മരിച്ചു. ഉത്തര്‍ പ്രദേശിലെ കൗശാംബി ജില്ലയില്‍ ചൊവ്വാഴ്ചയാണ് സംഭവം. പ്രിയങ്ക യാദവ് എന്ന 25കാരിയായ വനിതാ കോണ്‍സ്റ്റബിളാണ് കൊല്ലപ്പെട്ടത്.
🎙️ ഡല്‍ഹി മുന്‍ ചീഫ് സെക്രട്ടറിയും മുതിര്‍ന്ന മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥനുമായ രാകേഷ് മേത്തയെ (74) നോയിഡയിലെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.
*വിദേശ വാർത്തകൾ*
🎙️ തെൽഅവീവ്: ഒക്ടോബർ 7ലെ ആക്രമണത്തിന് ദിവസങ്ങൾക്ക് മുമ്പ് ഹമാസ് വലിയ തോതിലുള്ള യുദ്ധത്തിന് പദ്ധതിയിടുന്നുണ്ടെന്ന് പ്രമുഖ ഗൾഫ് രാജ്യത്തെ ഭരണാധികാരി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന് മുന്നറിയിപ്പ് നൽകിയിരുന്നതായി റിപ്പോർട്ട്. എന്നാൽ ഈ നിർണായക രഹസ്യാന്വേഷണ വിവരം ലഭിച്ചിട്ടും നെതന്യാഹു യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും, മുന്നറിയിപ്പുകൾ പൂർണമായും അവഗണിക്കുകയായിരുന്നുവെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
🎙️ മ്യാന്‍മറിലെ വിമത ഗ്രൂപ്പുകള്‍ക്ക് ആയുധപരിശീലനം നല്‍കിയതിന് അറസ്റ്റിലായ യുഎസ് കൂലിപ്പട്ടാളക്കാരന്‍ മാത്യൂ ആരോണ്‍ വാന്‍ഡെയ്ക്കിനെതിരേ എന്‍ഐഎ ചുമത്തിയ ഭീകരവാദ കുറ്റങ്ങള്‍ ഒഴിവാക്കി. മാത്യൂ ആരോണ്‍ വാന്‍ഡെയ്ക്കിനൊപ്പം അറസ്റ്റിലായ ആറ് യുക്രൈനിയന്‍ പൗരന്മാര്‍ക്കെതിരേ ചുമത്തിയിരുന്ന ഭീകരവാദ കുറ്റങ്ങളും ഒഴിവാക്കിയിട്ടുണ്ട്.
🎙️ പാരീസിലെ ഐഫല്‍ ടവര്‍ സന്ദര്‍ശനത്തിനായി ഹൈന്ദവ നേതാക്കള്‍ എത്തിയപ്പോള്‍ വനിത ജീവനക്കാരെ കാഴ്ചയില്‍പ്പെടാത്ത രീതിയില്‍ മാറ്റിനിര്‍ത്തിയതായി ആരോപണം. തുടര്‍ന്ന് ജീവനക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ ഐഫല്‍ ടവര്‍ താത്കാലികമായി അടച്ചു. സംഭവത്തില്‍ പാരീസ് മേയര്‍ അന്വേഷണത്തിന് ഉത്തരവിട്ടു..
🎙️ നേപ്പാള്‍ ദുരന്തത്തില്‍ മരണം 1400 കടന്നു. 4994 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് നേപ്പാള്‍ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കാണാതായ മലയാളികളെക്കുറിച്ചും പുതിയ സൂചനകള്‍ ഒന്നുമില്ല.
🎙️അധിനിവേശ വെസ്റ്റ് ബാങ്കിലെ അനധികൃത കുടിയേറ്റവുമായി ബന്ധപ്പെട്ട് ഇസ്രയേലും യുകെയും തമ്മിലുള്ള തർക്കം രൂക്ഷമായി. ഇസ്രായേൽ കുടിയേറ്റ മേഖലകളിൽ നിന്നുള്ള ഇറക്കുമതി നിരോധിക്കാൻ ബ്രിട്ടൻ തീരുമാനിച്ചതിന് പിന്നാലെ, ജറുസലേമിലെ ബ്രിട്ടീഷ് കോൺസുലേറ്റ് അടച്ചുപൂട്ടാൻ ഇസ്രയേൽ ഉത്തരവിട്ടു.
🎙️ലോകത്തിലെ ഏറ്റവും ഉയർന്ന വാർഷിക ശമ്പളം വാങ്ങുന്ന സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോങിന്റെ വാർഷിക ശമ്പള പാക്കേജിൽ വീണ്ടും വർധനവ്. 1.4 മില്യൺ സിംഗപ്പൂർ ഡോളർ (ഏകദേശം 1.1 മില്യൺ യു.എസ് ഡോളർ) ആയി വർധിപ്പിക്കാനാണ് സർക്കാർ തീരുമാനം. ഇതോടെ വോങ്ങിന്റെ വാർഷിക പ്രതിഫലം 2.2 മില്യൺ സിംഗപ്പൂർ ഡോളറിൽ നിന്ന് 3.6 മില്യൺ സിംഗപ്പൂർ ഡോളറായി ഉയരും. അതായത് ഇന്ത്യൻ രൂപയിൽ 26.95 കോടി.
🎙️സൗദി അറേബ്യയുടെ എണ്ണ കേന്ദ്രങ്ങളിൽ യെമെനിലെ ഹൂതികൾ ആക്രമണം നടത്തിയതിനെത്തുടർന്ന് അസംസ്കൃത എണ്ണവില വീണ്ടും ഉയരുന്നു. ചൊവ്വാഴ്ച അന്താരാഷ്ട്ര ബെഞ്ച്മാർക്കായ ബ്രെന്റ് ക്രൂഡ് വില നൂറു ഡോളറിനടുത്തെത്തി.
ഹൂതികളുടെ ആക്രമണത്തെത്തുടർന്ന് യെമെൻ അതിർത്തിക്കടുത്ത് സൗദി അറേബ്യയുടെ ചില എണ്ണ ഖനന കേന്ദ്രങ്ങളുടെ പ്രവർത്തനം താത്കാലികമായി നിർത്തി. ഇതാണ് ചൊവ്വാഴ്ച വിലകൂടാൻ കാരണമായത്.
*കായികം*
🎙️ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു: ഫുട്ബോൾ ലോകത്തെ ഏറ്റവും അഭിമാനകരമായ ബാലൺ ഡി ഓർ പുരസ്കാരത്തിനായുള്ള 30 അംഗ ചുരുക്കപ്പട്ടിക ഫ്രഞ്ച് ഫുട്ബോൾ മാഗസിൻ പുറത്തുവിട്ടു. അർജന്റീനൻ ഇതിഹാസം ലയണൽ മെസി, ഫ്രഞ്ച് താരം കിലിയൻ എംബാപ്പെ, യുവ വിങ്ങർ ലമീൻ യമാൽ, മാഞ്ചസ്റ്റർ സിറ്റിയുടെ റോഡ്രി, എർലിങ് ഹാലണ്ട് എന്നിവർ പട്ടികയിലുണ്ട്. എന്നാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഇത്തവണ പട്ടികയിൽ ഇടം നേടാനായില്ല. ഒക്ടോബർ 26-നാണ് പുരസ്കാര പ്രഖ്യാപനം.
🎙️ ദുലീപ് ട്രോഫി ഫൈനലില്‍ സൗത്ത് സോണ്‍ കടുത്ത പ്രതിരോധത്തില്‍. ഈസ്റ്റ് സോണിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 708 റണ്‍സിന് മറുപടിയായി ബാറ്റിംഗിനിറങ്ങിയ സൗത്ത് സോണ്‍ മൂന്നാം ദിനം കളി അവസാനിക്കുമ്പോള്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 242 റണ്‍സ് എന്ന നിലയിലാണ്. ഈസ്റ്റ് സോണ്‍ സ്‌കോറിന് ഒപ്പമെത്താന്‍ ഇനിയും 466 റണ്‍സ് കൂടി നേടേണ്ടതുണ്ട്. നിലവില്‍ 4 വിക്കറ്റുകള്‍ മാത്രം കൈയിലിരിക്കെ സൗത്ത് സോണ്‍ വലിയൊരു തോല്‍വി ഒഴിവാക്കാനുള്ള പോരാട്ടത്തിലാണ്.
🎙️ കെസിഎ പിങ്ക് വനിതാ ട്വന്റി 20 ചലഞ്ചേഴ്‌സ് ചാമ്പ്യന്‍ഷിപ്പില്‍ റൂബീസിനും ആംബറിനും വിജയം. റൂബീസ് പേള്‍സിനെ അഞ്ച് വിക്കറ്റിനും ആംബര്‍ എമറാള്‍ഡിനെ 19 റണ്‍സിനുമാണ് തോല്‍പ്പിച്ചത്. റൂബീസിനെതിരെ ആദ്യം ബാറ്റ് ചെയ്ത പേള്‍സ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സെടുത്തു. 25 റണ്‍സെടുത്ത ഇവാന ഷാനി മാത്രമാണ് പേള്‍സ് ബാറ്റിങ്ങില്‍ അല്പമെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. റൂബീസിനുവേണ്ടി കീര്‍ത്തി ദാമോദരനും എം പി വൈഷ്ണയും ആശ ശോഭനയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
🎙️മാഡ്രിഡ്: സീസണിലെ അഞ്ചാം ഗോളുമായി കിലിയൻ എംബാപ്പെ തിളങ്ങിയപ്പോൾ, ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിൽ ഇൻ്റർ മിലാനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് കീഴടക്കി റയൽ മാഡ്രിഡിന് ആവേശകരമായ വിജയത്തുടക്കം. കിലിയൻ എംബാപ്പെയ്ക്ക് പുറമെ, ക്യാപ്റ്റൻ ഫെഡറിക്കോ വാൽവെർദെയാണ് സാൻ്റിയാഗോ ബെർണബ്യൂവിൽ റയലിനായി വലകുലുക്കിയത്. ഇൻ്ററിനായി പകരക്കാരൻ താരം കാർലോസ് അഗസ്റ്റോ ഒരു ഗോൾ തിരിച്ചടിച്ചു.
🎙️ ഷെര്‍-ഇ-പഞ്ചാബ് ടി20 കപ്പില്‍ റെക്കോര്‍ഡ് പ്രകടനവുമായി അമൃത്സര്‍ സൂര്‍മാസ് താരം നമാന്‍ ധിര്‍. മൊഹാലി കിങ്‌സിനെതിരായ മത്സരത്തില്‍ വെറും 64 പന്തില്‍ 173 റണ്‍സ് അടിച്ചുകൂട്ടി നമാന്‍ ധിര്‍ ഞെട്ടിച്ചു. താരത്തിന്റെ തകര്‍പ്പന്‍ പ്രകടനത്തിന്റെ മികവില്‍ അമൃത്സര്‍ 67 റണ്‍സിന്റെ വലിയ വിജയമാണ് സ്വന്തമാക്കിയത്.