പ്രമുഖ ഇസ്ലാമിക പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറിയുമായ പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാർ അന്തരിച്ചു
Editors Pick
July 23, 2026 | 10:54 AM
. പാണ്ഡിത്യത്തിന്റെ പ്രൗഢിയും എളിമയാർന്ന ജീവിതചര്യയും കൊണ്ട് വേറിട്ടുനിന്ന പണ്ഡിത വ്യക്തിത്വമായിരുന്നു ആലികുട്ടി മുസ്ലിയാർ.വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം.
വിദ്യാഭ്യാസ, സാമൂഹിക, സാംസ്‌കാരിക, സംഘടനാ രംഗങ്ങളിൽ പതിറ്റാണ്ടുകൾ നീണ്ട മഹത്തായ സേവനങ്ങൾ കാഴ്ചവെച്ചാണ് ആലിക്കുട്ടി മുസ്ലിയാരുടെ മടക്കം. ജാമിഅ നൂരിയ്യ അറബിക് കോളേജ് പ്രിൻസിപ്പൽ, ബഹുഭാഷാ പണ്ഡിതൻ, എഴുത്തുകാരൻ, പ്രസാധകൻ തുടങ്ങി വിവിധ മേഖലകളിൽ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
ഇരുമ്പുഴി, പുത്തനങ്ങാടി, പടിഞ്ഞാറ്റുമുറി, അരിപ്ര എന്നിവിടങ്ങളിലെ ദർസ് പഠനത്തിനു ശേഷം പട്ടിക്കാട് ജാമിഅ നൂരിയ്യയിൽനിന്ന് 1968-ൽ ഫൈസി ബിരുദം കരസ്ഥമാക്കി. ശംസുൽ ഉലമ ഇ.കെ അബൂബക്കർ മുസ്ലിയാർ, കോട്ടുമല അബൂബക്കർ മുസ്ലിയാർ തുടങ്ങിയ പ്രമുഖ പണ്ഡിതന്മാരുടെ പ്രിയശിഷ്യനായിരുന്നു.
1970-ൽ പെരിന്തൽമണ്ണ താലൂക്ക് സമസ്ത ജനറൽ സെക്രട്ടറിയായാണ് പൊതുരംഗത്തേക്ക് പ്രവേശിക്കുന്നത്. 1986 മുതൽ കേന്ദ്ര മുശാവറ അംഗം, 2010 മുതൽ ജോയിന്റ് സെക്രട്ടറി, തുടർന്ന് ചെറുശ്ശേരി സൈനുദ്ദീൻ മുസ്ലിയാരുടെ വിയോഗത്തെ തുടർന്ന് ജനറൽ സെക്രട്ടറി പദവിയിലെത്തി.
1979 മുതൽ അധ്യാപകനായും 2003 മുതൽ പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചു. 2003-2006 കാലയളവിൽ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാനായും 2006-ൽ കേന്ദ്ര ഹജ്ജ് കമ്മിറ്റി വൈസ് ചെയർമാനായും പ്രവർത്തിച്ചു. അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോർഡ് ദേശീയ സമിതിയംഗം, സുന്നി യുവജന സംഘം സംസ്ഥാന ജനറൽ സെക്രട്ടറി, വിവിധ മഹല്ലുകളുടെയും സ്ഥാപനങ്ങളുടെയും ഖാസി എന്ന നിലയിലെല്ലാം പ്രവർത്തിച്ചുവരികയായിരുന്നു.
Comments