Sunday, July 26, 2026
News99 Kerala

പ്രഭാത വാർത്തകൾ


NEWS 99 KERALA
Morning News

2026 ജൂലൈ 25 ശനി
1448 സഫർ 10
1201 കര്‍ക്കടകം 9 തൃക്കേട്ട

🎙️സംസ്ഥാനത്ത് പോലീസിൽ വൻ അഴിച്ചുപണി,161 ഡിവൈഎസ്പി മാർക്ക് സ്ഥലംമാറ്റം,
എസ് ഐ,സിഐ മാരുടെ സ്ഥലം മാറ്റം ആഗസ്റ്റ് 15 ഓടെ ഉണ്ടാകാൻ സാധ്യത

🎙️നീറ്റ് പരീക്ഷയുടെ നടത്തിപ്പു ചുമതലയുള്ള എന്‍ടിഎയിലെ 47 ഉദ്യോഗസ്ഥരെ പിരിച്ചു വിട്ടു. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടിയും ക്രിമിനല്‍ നടപടിയും സ്വീകരിക്കും. നീറ്റ് അടക്കമുള്ള ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ പശ്ചാത്തലത്തിലാണ് നടപടി. രാത്രി എട്ടു മണിക്കാണു നടപടി വിവരം പുറത്തുവിട്ടത്.

🎙️പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ത്തുന്നവര്‍ക്കുള്ള ശിക്ഷ പത്തു കോടി രൂപ വരെ പിഴയും പത്തു വര്‍ഷം വരെ തടവുമായി വര്‍ധിപ്പിക്കാനുള്ള ബില്‍ മന്ത്രിസഭ അംഗീകരിച്ചു. തിങ്കളാഴ്ച ബില്‍ ലോക്സഭയില്‍ അവതരിപ്പിക്കും. കേസുകളിലെ വിചാരണ 3 മാസത്തിനകം പൂര്‍ത്തിയാക്കുമെന്നും ബില്ലില്‍ പറയുന്നു.

🎙️ നീറ്റ് പരീക്ഷ ക്രമക്കേടിന്റെ പശ്ചാത്തലത്തില്‍ പരീക്ഷാ സംബന്ധമായ ക്രമക്കേടുകള്‍ അന്വേഷിക്കുന്നതിനായി ഡല്‍ഹി പോലീസ് പ്രത്യേക കര്‍മസേന രൂപീകരിച്ചു. വിവിധ കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന പ്രവേശന പരീക്ഷകളിലും റിക്രൂട്ട്‌മെന്റ് പരീക്ഷകളിലും സുതാര്യത ഉറപ്പാക്കാനാണ് ഈ നീക്കം. കേന്ദ്ര ഗവണ്‍മെന്റിന്റെ കീഴിലുള്ള പ്രധാന ഏജന്‍സികള്‍ നടത്തുന്ന പരീക്ഷകളെല്ലാം ഈ കര്‍മ്മസേനയുടെ അന്വേഷണ പരിധിയില്‍ വരും.

🎙️റഷ്യന്‍ സമുദ്ര മേഖലയിലെ കരിങ്കടലില്‍ കപ്പലിന് നേരെ ആക്രമണം. ഒരു ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു. എംവി ഒമോര്‍ഫി എന്ന കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്. കപ്പലിലെ 10 ജീവനക്കാരില്‍ മൂന്ന് പേര്‍ ഇന്ത്യക്കാരാണ്. ഇതില്‍ ഒരാളാണ് കൊല്ലപ്പെട്ടത്.

🎙️വൈദ്യുതി പ്രതിസന്ധിയിലും തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള ഫണ്ട് വെട്ടിക്കുറച്ചതിലും സമരവുമായി സിപിഎം. വൈദ്യുതി പ്രതിസന്ധിക്കെതിരേ 26 ന് വൈകുന്നേരം ഏഴിന് മെഴുകുതിരി സമരം നടത്തും. എല്ലാ വീടുകളിലും മെഴുകുതിരി തെളിയിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞു. തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ട് വെട്ടിക്കുറച്ചതിനെതിരേ 30 ന് എല്‍ഡിഎഫ് ജനപ്രതിനിധികള്‍ സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തും. ഓഗസ്റ്റ് 1, 3 തീയതികളില്‍ തദ്ദേശ സ്ഥാപനങ്ങളിലേക്കും മാര്‍ച്ച് നടത്തും.

🎙️സിപിഎമ്മിനെ പുതുക്കിപ്പണിയുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. എന്നാല്‍ താന്‍ സെക്രട്ടറി സ്ഥാനത്തുനിന്നു മാറുന്നത് നിങ്ങളുടെ സ്വപ്നമാണെന്നും അതിനുവേണ്ടിയാണല്ലോ കുറേക്കാലമായി പണിയെടുക്കുന്നതെന്നും താന്‍ ഉള്‍പ്പെടെ എങ്ങനെ മാറണമെന്ന കാഴ്ചപ്പാട് രൂപപ്പെടുത്തുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

🎙️ഡല്‍ഹിയില്‍ വിദ്യാര്‍ഥികള്‍ക്കുനേരെ നടന്ന അക്രമങ്ങളെ അപലപിക്കാന്‍ ഇന്നു വൈകുന്നേരം ജില്ലാ തലത്തില്‍ മെഴുകുതിരി തെളിച്ചു പ്രതിഷേധ ജാഥ നടത്താന്‍ കോണ്‍ഗ്രസ് ആഹ്വാനം ചെയ്തു.

🎙️ശബരിമലയില്‍ കണ്ഠരര് രാജീവരുടെ മകന്‍ ബ്രഹ്‌മദത്തന്‍ തന്ത്രിയാകാന്‍ യോഗ്യനാണെന്ന് ദേവസ്വം ബോര്‍ഡ് നിയോഗിച്ച വിദഗ്ധസമിതി. അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് അടങ്ങുന്ന സമിതിയാണ് ബ്രഹ്‌മദത്തന് താന്ത്രിക വിദ്യയില്‍ പ്രാഗല്ഭ്യമുണ്ടെന്ന് വിലയിരുത്തിയത്. ഇന്നു ചേരുന്ന ബോര്‍ഡ് യോഗം അന്തിമ തീരുമാനമെടുക്കും.

🎙️ 'രക്ഷാപ്രവര്‍ത്തന'ക്കേസ് അട്ടിമറിയില്‍ എംആര്‍ അജിത് കുമാര്‍ അന്വേഷണ ഉദ്യോഗസ്ഥരെ സമ്മര്‍ദം ചെലുത്തി പ്രതികളെ രക്ഷിക്കാന്‍ ഇടപെട്ടെന്ന കുറ്റപത്രവുമായി സസ്പെന്‍ഷന്‍ ഉത്തരവ്. എഡിജിപിയുടെ ഓഫീസില്‍ ഉണ്ടായിരുന്ന 2 ഗ്രേഡ് എസ്ഐമാര്‍ അന്വേഷണത്തില്‍ ഇടപെട്ടെന്ന മൊഴികളടക്കം ചേര്‍ത്താണ് സസ്പെന്‍ഷന്‍ ഉത്തരവ്.

◾പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിനുശേഷം ഇഡി ഉദ്യോഗസ്ഥര്‍ മടങ്ങവേ സിപിഎം പ്രവര്‍ത്തകര്‍ തകര്‍ത്ത ടാക്സിക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നഷ്ടപരിഹാരം നല്‍കി. സിഐടിയു അംഗമായ ടാക്സി ഡ്രൈവര്‍ക്ക് ഒന്നേമുക്കാല്‍ ലക്ഷത്തോളം രൂപയാണ് നല്‍കിയത്. സിപിഎം പണം നല്‍കുമെന്ന് അറിയിച്ചിരുന്നെങ്കിലും നല്‍കിയില്ല..

◾കോറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടലില്‍ പിരിച്ച് വിട്ട ജീവനക്കാര്‍ക്ക് 5 മാസത്തെ ശമ്പളം കൂടി നല്‍കി കമ്പനി. എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ്, ലീവിങ് സര്‍ട്ടിഫിക്കറ്റ് തുടങ്ങി മറ്റ് രേഖകളും കമ്പനി നല്‍കും.

◾കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ ഡി.വൈ.എഫ്.ഐ. വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തി. മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ ചോദ്യംചെയ്തശേഷം വിട്ടയച്ചു.

◾പോലീസ് കസ്റ്റഡിയില്‍ നിന്നും വധശ്രമ കേസ് പ്രതി ഓടി രക്ഷപ്പെട്ട സംഭവത്തില്‍ നാല് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. വടക്കേക്കാട് സ്റ്റേഷനിലെ സി.പി.ഒമാരായ ബൈജു, സിനീഷ്, പ്രവീണ്‍, അഖില്‍ എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്. പുന്നയൂര്‍ക്കുളം ചമ്മണ്ണൂര്‍ സ്വദേശി മുഹമ്മദ് ഷിഫാന്‍ (30) ആണ് കൈവിലങ്ങുമായി രക്ഷപ്പെട്ടത്.

◾പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ അവസ്ഥ ആശങ്കപ്പെടുത്തുന്നത് എന്ന് ഹൈക്കോടതി. അടിസ്ഥാന സൗകര്യ വികസനം അനിവാര്യമാണെന്നും 158 അറ്റന്‍ഡര്‍മാര്‍ വേണ്ടിടത്ത് 127 പേര്‍ മാത്രമാണുള്ളതെന്നും കോടതി നിരീക്ഷിച്ചു.

◾സിക്കിമില്‍ ജലവൈദ്യുതപദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്ന തുരങ്കം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ച ജിയോളജിസ്റ്റ് പാമ്പാടി പത്താഴക്കുഴി സ്വദേശി അനീഷ് മോഹന്റെ മൃതദേഹം ഇന്നു രാവിലെ ഏഴ് മണിയോടെ കൊച്ചിയിലെത്തുമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

◾അഞ്ച് മാസം മുമ്പ് ഉദ്ഘാടനം കഴിഞ്ഞിട്ടും തുറന്നു കൊടുക്കാത്ത തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററിലെ പുതിയ ബഹുനില മന്ദിരം സെപ്റ്റംബര്‍ 30 നകം പ്രവര്‍ത്തനസജ്ജമാക്കാന്‍ മന്ത്രി കെ മുരളീധരന്‍ ഊരാളുങ്കല്‍ സൊസൈറ്റിക്കു നിര്‍ദ്ദേശം നല്‍കി.

◾നിയമസഭാ മന്ദിരത്തിലെ ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി ഓഫീസ് പ്രവര്‍ത്തനം തുടങ്ങി. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്തു. എംഎല്‍എമാരായ വി മുരളീധരന്‍, ബിബി ഗോപകുമാര്‍ എന്നിവരും പങ്കെടുത്തു.

◾ കട്ടപ്പന ബ്ലോക്ക് റിസോഴ്സ് സെന്ററില്‍ ഒരു കോടി രൂപയുടെ സാമ്പത്തിക ക്രമക്കേടിനെത്തുടര്‍ന്ന് രണ്ട് ഉദ്യോഗസ്ഥരെ പുറത്താക്കി. താത്കാലിക ജീവനക്കാരായ അശോക് വി. ജോസഫ്, അഞ്ജലിദാസ് എന്നിവരെയാണ് പുറത്താക്കിയത്.

◾കേരളത്തില്‍ നിന്ന് ചന്ദനമരം മുറിച്ചുകടത്തി ബെംഗളൂരുവില്‍ വില്‍പന; നാല് മലയാളികളെ അറസ്റ്റ് ചെയ്ത് കര്‍ണാടക പൊലീസ്. സംഘവുമായി ബന്ധമുള്ള മറ്റ് പ്രതികള്‍ക്കായി അന്വേഷണം വ്യാപിപ്പിച്ചെന്ന് പൊലീസ്.

◾ക്യാന്‍സര്‍ രോഗികള്‍ക്കായി നടപ്പാക്കുന്ന സൗജന്യ യാത്രാ പദ്ധതി നിര്‍ത്തലാക്കിയെന്ന സാമൂഹ്യമാധ്യമങ്ങളിലും മറ്റ് ചില മാധ്യമങ്ങളിലും പ്രചരിക്കുന്ന വാര്‍ത്തകള്‍ തീര്‍ത്തും വസ്തുതാവിരുദ്ധമാണെന്ന് കെ.എസ്.ആര്‍.ടി.സി

◾ അടിവസ്ത്രത്തില്‍ രണ്ട് കോടിയോളം രൂപ വില വരുന്ന സ്വര്‍ണ മിശ്രിതം കടത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കോഴിക്കോട് സ്വദേശി ജംഷിദ് എന്ന യുവാവാണ് കസ്റ്റംസ് പിടിയിലായത്.

◾ നെടുമ്പാശേരിയില്‍ വീടിനകത്ത് നായ്ക്കളെ വളര്‍ത്തി അതിന്റെ മറവില്‍ കഞ്ചാവ് കച്ചവടം നടത്തിയെന്ന കേസില്‍ വീട്ടുടമയുള്‍പ്പെടെ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആവണംകോട് ഗ്യാസ് ഗോഡൗണിന് സമീപം പാലയ്ക്കാപ്പിള്ളി സ്വദേശി ശ്രീകാന്ത് (38), വെങ്ങോല നെടുംതോട് സ്വദേശി അബൂബക്കര്‍ (30) എന്നിവരാണ് പിടിയിലായത്.

◾ആലപ്പുഴ ആര്യാടില്‍ യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു. ആര്യാട് സ്വദേശി അജിയുടെ മകന്‍ അഖില്‍ (അച്ചു- 24) ആണ് കൊല്ലപ്പെട്ടത്. സുഹൃത്തും കായംകുളം സ്വദേശിയുമായ ഷെല്‍ജാദിനെ പോലീസ് തെരയുന്നു.

◾ഓട്ടോയില്‍ നിന്ന് റോഡിലേക്ക് തെറിച്ചുവീണ വിദ്യാര്‍ത്ഥി കോഴിക്കോട് മരിച്ചു. മുക്കം മണാശ്ശേരി സ്വദേശിയായ ഷമീഷ് കാവുങ്ങലിന്റെ മകനും മണാശ്ശേരി ഗവ. യു.പി. സ്‌കൂളിലെ രണ്ടാംക്ലാസ് വിദ്യാര്‍ഥിയുമായ കെ. അമന്‍ ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെ ചേന്ദമംഗല്ലൂര്‍ പുല്‍പ്പറമ്പിന് സമീപമായിരുന്നു അപകടം. റോഡിലേക്ക് തെറിച്ചുവീണതിന് പിന്നാലെ ശരീരത്തിലൂടെ ലോറി കയറുകയായിരുന്നു. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം.

◾സിജെപി നേതാക്കളും കേന്ദ്ര മന്ത്രിമാരും തമ്മിലുള്ള ഇന്നത്തെ ചര്‍ച്ച നിര്‍ണായകം. പോലീസ് എല്ലാ തടസങ്ങളും സൃഷ്ടിച്ചിട്ടും കൂടുതല്‍ പേര്‍ സമരത്തിനെത്തുന്നതു സര്‍ക്കാരിനെ അമ്പരപ്പിച്ചു. ഇന്റര്‍നെറ്റില്ല, മെട്രോയില്ല, ഓണ്‍ലൈന്‍ ടാക്സികളുമില്ല. എന്നിട്ടും സമരം ശക്തമായി തുടരുകയാണ്.

◾ഡല്‍ഹിയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയ മേഖലയില്‍ നിയന്ത്രണം കടുപ്പിച്ച് പൊലീസ്. ഓണ്‍ലൈന്‍ ടാക്സി സര്‍വീസുകള്‍ക്കും ഫുഡ് ഡെലിവറി സര്‍വ്വീസുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി. പൊതുജനങ്ങള്‍ ഈ മേഖലകള്‍ സന്ദര്‍ശിക്കരുതെന്നും വിലക്കി.

◾വിദ്യാര്‍ഥി പ്രക്ഷോഭകര്‍ക്കെതിരെ പോലീസ് അതിക്രമം നടത്തിയെന്നാരോപിച്ചുള്ള രണ്ട് ഹര്‍ജികള്‍ പരിഗണിക്കാന്‍ സുപ്രീംകോടതി സമ്മതിച്ചു. തിങ്കളാഴ്ച ഈ ഹര്‍ജികള്‍ കോടതി പരിഗണിക്കും.

◾സര്‍ക്കാരുമായി രഹസ്യ ധാരണയുണ്ടാക്കിയാണ് 26 ദിവസം നീണ്ട ഉപഹാരം അവസാനിപ്പിച്ചതെന്ന വിമര്‍ശനങ്ങളെ തള്ളി സാമൂഹിക പ്രവര്‍ത്തകനായ സോനം വാങ്ചുക്ക്. തന്റെ സത്യസന്ധത തെളിയിക്കാന്‍ 26 ദിവസത്തെ കഠിനമായ നിരാഹാരം പോരെയെന്ന് അദ്ദേഹം വിമര്‍ശകരോട് വൈകാരികമായി ചോദിച്ചു.

◾കേന്ദ്രമന്ത്രിമാര്‍ ഇന്‍സ്റ്റഗ്രാം അടക്കം സോഷ്യല്‍ മീഡിയയിലൂടെ ജനങ്ങളുമായുള്ള ആശയവിനിമയം കൂടുതല്‍ ഊര്‍ജിതമാക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. യുവജനങ്ങളുമായി നേരിട്ട് സംവദിക്കുകയും വേണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.

◾പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഒറ്റരാത്രികൊണ്ട് 10 ലക്ഷത്തിലധികം ഫോളോവേഴ്‌സ് കൂടി. പരീക്ഷാ ക്രമക്കേടുകള്‍ തടയുന്നതിനുള്ള നടപടികളെക്കുറിച്ച് വ്യാഴാഴ്ച രാത്രി അദ്ദേഹം പങ്കുവെച്ച സെല്‍ഫി വീഡിയോക്ക് പിന്നാലെയാണ് ഫോളോവേഴ്സിന്റെ എണ്ണം കൂടിയത്. ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണം 10.20 കോടി കടന്നു. ഇന്നലെ രാത്രി 11.30 വരെ 308 മില്യണിലേറെ പേരാണ് മോഡിയുടെ സെല്‍ഫി വീഡിയോ കണ്ടത്.

◾ഇന്‍സ്റ്റഗ്രാമില്‍ സജീവമാകാന്‍ മന്ത്രിമാരോട് പ്രധാനമന്ത്രി ക്യാബിനറ്റ് മീറ്റിംഗില്‍ ആവശ്യപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോക്രോച്ച് ജനത പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദിപ്കെ. ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്കുള്ള പരിഹാരം ഇതാണോ എന്നാണ് സിജെപിയുടെ ചോദ്യം.

◾മുംബൈ ദാദറില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിനിടെ സിവില്‍ ഡ്രസ്സിലുള്ള പോലീസ് ഉദ്യോഗസ്ഥന്‍ യുവതിയോട് അപമര്യാദയായി പെരുമാറുകയും വലിച്ചിഴയ്ക്കുകയും ചെയ്യുന്ന വീഡിയോ പുറത്തുവന്നത് വന്‍ പ്രതിഷേധത്തിന് ഇടയാക്കി.

◾കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജി വയ്ക്കുംവരെ രാജ്യവ്യാപക പ്രക്ഷോഭമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. രാജിയില്ലാതെ ഇവിടം വിട്ട് ആരും പോകില്ല. ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ചോദിച്ച് വാങ്ങിയില്ലെങ്കില്‍ അടുത്ത ഉന്നം പ്രധാനമന്ത്രിയാണെന്നും രാഹുല്‍ മുന്നറിയിപ്പ് നല്‍കി.

◾പ്രധാനമന്ത്രി സംസാരിച്ചാലും കുറ്റം സംസാരിച്ചില്ലെങ്കിലും കുറ്റമെന്ന് കേന്ദ്ര മന്ത്രി കിരണ്‍ റിജിജു. കുറ്റപ്പെടുത്താന്‍ ആര്‍ക്കും പറ്റും. പരിഹാരം കാണലാണ് പ്രധാനം. പ്രതിപക്ഷത്തിന് പറയാനുള്ളത് പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ പറയണം. സഭ അലങ്കോലപ്പെടുത്തിയാല്‍ പിന്നെ ചര്‍ച്ച എങ്ങനെ നടക്കുമെന്നും റിജ്ജു ചോദിച്ചു. ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്കുളള ശിക്ഷ കൂട്ടാനുള്ള ബില്‍ മന്ത്രിസഭ അംഗീകരിച്ചു.

◾നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കെതിരേ സുരക്ഷാ ഉദ്യോഗസ്ഥര്‍ പെല്ലറ്റ് ഗണ്‍ ഉപയോഗിച്ചു പരിക്കേറ്റ 19 കാരനായ സാഹില്‍ എന്ന വിദ്യാര്‍ഥിയുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ക്രിമിനലാണെന്നും വിദ്യാഭ്യാസ സമ്പ്രദായം തകര്‍ന്നതിന് അദ്ദേഹം രാജിവെക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

◾വീണ്ടും ചോദ്യപ്പേപ്പര്‍ ചോര്‍ച്ച. ഉത്തരാഖണ്ഡ് സാങ്കേതിക സര്‍വകലാശാലയുടെ രണ്ട് എന്‍ജിനീയറിങ് പരീക്ഷകളുടെ ചോദ്യങ്ങളാണ് ചോര്‍ന്നത്. തുടര്‍ന്ന് പരീക്ഷകള്‍ റദ്ദാക്കി.

◾ സോനം വാങ്ചുക്കും സിജെപിയും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളില്ലെന്ന് കോക്രോച്ച് ജനത പാര്‍ട്ടി. സിജപി നേതാവ് സൗരവ് ദാസാണു നിലപാട് വ്യക്തമാക്കിയത്.

◾ഡല്‍ഹി ജന്തര്‍ മന്തറില്‍ സമരത്തില്‍ പങ്കെടുത്തവരുടെ പാസ്‌പോര്‍ട്ടുകള്‍ റദ്ദാക്കുന്നുവെന്ന പ്രചാരണം വ്യാജമെന്ന് ഡല്‍ഹി പോലീസ്. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്നു പൊലീസ് ആവശ്യപ്പെട്ടു.

◾രാജ്യസഭാ കാലാവധി പൂര്‍ത്തിയാക്കിയ കേന്ദ്ര സഹമന്ത്രി രവനീത് സിങ് ബിട്ടു രാജിവച്ചു. റെയില്‍വേ, ഭക്ഷ്യസംസ്‌കരണ വകുപ്പുകളില്‍ സഹമന്ത്രിയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് രാജി.

◾ഡല്‍ഹിയിലെ ആര്‍എംഎല്‍ ആശുപത്രി അധികൃതര്‍ക്ക് എതിരെ പരാതിയുമായി മലയാളി ഡോക്ടര്‍ രംഗത്ത്. നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ നടക്കുന്ന സിജെപി പ്രതിഷേധത്തിനിടെ കുഴഞ്ഞു വീണ് ആശുപത്രിയിലായ കുട്ടികളെ കുറിച്ച് അധികൃതര്‍ വിവരം നല്‍കുന്നില്ലെന്നാണ് പരാതി.

◾ഡല്‍ഹിയിലെ കേരള ഹൗസില്‍ കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാറും കേരള ഹൗസ് സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കം. കനയ്യ കുമാര്‍ കേരള ഹൗസില്‍ ബുക്ക് ചെയ്ത മുറി നല്‍കാത്തതാണ് തര്‍ക്കത്തിനിടയാക്കിയത്.

◾ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന്‍ രാജിവച്ചു. കാലാവധി പൂര്‍ത്തിയാക്കാന്‍ രണ്ട് വര്‍ഷം ബാക്കിനില്‍ക്കെയാണ് രാജി.

◾പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിനിടെ, സൗദി അറേബ്യയെ ആക്രമിക്കാതിരിക്കാന്‍ ഇറാനുമായി പാകിസ്ഥാന്‍ രഹസ്യ ധാരണയുണ്ടാക്കിയെന്ന് ഇസ്രായേലി മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. പകരമായി, ഉപരോധം മറികടന്ന് ഇറാന്റെ എണ്ണ വില്‍ക്കാന്‍ പാകിസ്ഥാന്‍ സഹായിക്കുമെന്നും കരാറിലുണ്ട്.

◾ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അമേരിക്കയിലേക്ക്. തിങ്കളാഴ്ച വാഷിംഗ്ടണിലേക്ക് തിരിക്കും. ചൊവ്വാഴ്ച യു.എസ്. പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുമെന്ന് നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.

◾ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് വീണ്ടും ഇറക്കുമതി തീരുവ കൂട്ടി ഡോണള്‍ഡ് ട്രംപിന്റെ പ്രഹരം. ഇന്ത്യ ഉള്‍പ്പെടെയുള്ള 60 രാജ്യങ്ങളില്‍ നിന്നുള്ള നിര്‍ബന്ധിത തൊഴിലിലൂടെ ഉല്‍പ്പാദിപ്പിച്ച ഉല്‍പ്പന്നങ്ങള്‍ക്ക് യു.എസ്. ഭരണകൂടം പുതിയ കസ്റ്റംസ് തീരുവ പ്രഖ്യാപിച്ചു. പുതിയ ഉത്തരവ് അനുസരിച്ച് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് 10 ശതമാനവും ചില രാജ്യങ്ങള്‍ക്ക് 12.5 ശതമാനവുമാണ് ഇറക്കുമതി തീരുവ.

◾അമേരിക്കന്‍ സൈനിക സാന്നിധ്യമുള്ള ഗള്‍ഫ് രാജ്യങ്ങളിലെ ജനങ്ങള്‍ അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്കു സമീപത്തുനിന്ന് 500 മീറ്റര്‍ അകലം പാലിക്കണമെന്ന് ഇറാന്‍.

◾ഫ്രാന്‍സിലും സ്പെയിനിലും കാട്ടുതീ പടര്‍ന്നു. ഒരാഴ്ചക്കിടെ ഏകദേശം 50,000 പേരെയാണ് മാറ്റിപാര്‍പ്പിച്ചത്.

◾ഗ്ലാസ്‌കോയില്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യന്‍ ക്യാമ്പിനെ ഉലച്ച് വീണ്ടും ഉത്തേജകമരുന്ന് വിവാദം. വനിതകളുടെ 78 കിലോ ഗ്രാം ജൂഡോയില്‍ ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയായിരുന്ന തൂലിക മന്നിന് ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി(നാഡ) ഗെയിംസില്‍ പങ്കെടുക്കുന്നതില്‍ നിന്ന് താത്കാലിക വിലക്കേര്‍പ്പെടുത്തി.

◾ ഇ-കൊമേഴ്സ് ഭീമനായ ഫ്ളിപ്കാര്‍ട്ട് ഇന്ത്യയിലെ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി വിപണിയിലേക്കും. നിലവില്‍ ഈ മേഖലയില്‍ മുന്നിട്ടുനില്‍ക്കുന്ന സൊമാറ്റോ, സ്വിഗ്ഗി എന്നീ പ്ലാറ്റ്ഫോമുകള്‍ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്ന നീക്കമാകും ഇത്. തുടക്കത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ഏതാനും ഉപഭോക്താക്കള്‍ക്ക് മാത്രമായിരിക്കും സേവനം ലഭ്യമാക്കുക. ഫ്ളിപ്കാര്‍ട്ടിന്റെ ക്വിക്ക് കൊമേഴ്സ് സേവനമായ 'ഫ്ളിപ്കാര്‍ട്ട് മിനിറ്റ്സ്' അവതരിപ്പിച്ചതും ഇതേ മാതൃകയിലായിരുന്നു. നിലവില്‍ സൊമാറ്റോയും സ്വിഗ്ഗിയും ആധിപത്യം പുലര്‍ത്തുന്ന ഫുഡ് ഡെലിവറി വിപണിയിലേക്ക് ഫ്ളിപ്കാര്‍ട്ടിന്റെ വലിയ ഉപഭോക്തൃ അടിത്തറയും ശക്തമായ ലോജിസ്റ്റിക്സ് ശൃംഖലയും എത്തുന്നതോടെ മത്സരരംഗം കൂടുതല്‍ ചൂടുപിടിക്കും. ഫ്ളിപ്കാര്‍ട്ടിന്റെ പ്രധാന ആപ്പിലൂടെയും ഇതിനായി പ്രത്യേകം തയ്യാറാക്കുന്ന ആപ്പിലൂടെയും ഉപഭോക്താക്കള്‍ക്ക് ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനാകും. കേന്ദ്ര സര്‍ക്കാരിന്റെ 'ഓപ്പണ്‍ നെറ്റ്വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്സ്' പ്ലാറ്റ്‌ഫോമുമായി സഹകരിച്ചായിരിക്കും പ്രവര്‍ത്തനം ഏകോപിപ്പിക്കുകയെന്നാണ് വിവരം.

◾ ഡല്‍ഹിയില്‍ നടക്കുന്ന സിജെപി പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ, ഇന്റര്‍നെറ്റ് ഇല്ലാത്ത സാഹചര്യത്തിലും സന്ദേശങ്ങള്‍ അയക്കാന്‍ സഹായിക്കുന്ന 'ബിറ്റ്ചാറ്റ്' ആപ്പിന്റെ റിപ്പോസിറ്ററികള്‍ തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ ഗിറ്റ്ഹബിന് നിര്‍ദ്ദേശം നല്‍കി. മൊബൈല്‍ നെറ്റ്വര്‍ക്കുകളോ ഇന്റര്‍നെറ്റോ സെന്‍ട്രല്‍ സെര്‍വറുകളോ ആവശ്യമില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു ഡീസെന്‍ട്രലൈസ്ഡ് പിയര്‍-ടു-പിയര്‍ മെസ്സേജിങ് ആപ്പാണ് ബിറ്റ്ചാറ്റ്. ഫോണ്‍ നമ്പറോ ഇമെയിലോ നല്‍കി ബിറ്റ്ചാറ്റില്‍ അക്കൗണ്ട് തുടങ്ങേണ്ടതില്ല. ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള അടുത്തടുത്തുള്ള ഫോണുകള്‍ തമ്മില്‍ ബ്ലൂടൂത്ത് വഴി ബന്ധിപ്പിക്കപ്പെടുകയും, ഒരു ഉപയോക്താവില്‍ നിന്ന് മറ്റൊരാളിലേക്ക് സന്ദേശങ്ങള്‍ കൈമാറപ്പെടുകയും ചെയ്യുന്നു. കേന്ദ്രീകൃത സെര്‍വറോ ഐഡന്റിറ്റിയോ ഇല്ലാത്തതിനാല്‍, ആര് ആര്‍ക്കാണ് സന്ദേശം അയച്ചതെന്ന് കണ്ടെത്താനോ വിവരങ്ങള്‍ ട്രാക്ക് ചെയ്യാനോ സാധിക്കില്ല. അടിയന്തര ഘട്ടങ്ങളില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനും, അക്രമങ്ങള്‍ സംഘടിപ്പിക്കുന്നതിനും, ക്രമസമാധാന തകര്‍ച്ചയ്ക്കും ഇത്തരം ഓഫ്‌ലൈന്‍ ആപ്പുകള്‍ ദുരുപയോഗം ചെയ്യപ്പെടാം എന്ന് ഐ4സി ചൂണ്ടിക്കാട്ടുന്നു.

◾നിവിന്‍ പോളിയും മമിത ബൈജുവും ആദ്യമായി ഒന്നിക്കുന്ന 'ബത്ലഹേം കുടുംബ യൂണിറ്റ്' സിനിമയിലെ ആദ്യ ഗാനം പുറത്ത്. എം.ജി ശ്രീകുമാറിന്റെ ശബ്ദത്തില്‍ എത്തിയിരിക്കുന്ന 'മാന്ത്രികം' എന്ന ഗാനം ഒരുക്കിയിരിക്കുന്നത് വിഷ്ണു വിജയ് ആണ്. വിനായക് ശശികുമാറിന്റേതാണ് വരികള്‍. ഓണം റിലീസായി ചിത്രം ഓഗസ്റ്റ് 21-ന് തിയേറ്ററുകളിലെത്തും. റോം - കോം ജോണറില്‍ എത്തുന്ന ചിത്രം ഇക്കുറി ഓണത്തിന് തിയേറ്ററുകളില്‍ എത്തുന്നത് നര്‍മ്മ മുഹൂര്‍ത്തങ്ങളും പ്രണയ നിമിഷങ്ങളുമൊക്കെയായാണ്. ഗിരീഷ് എ ഡിയാണ് സിനിമയുടെ സംവിധായകന്‍. സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കര്‍, വിനയ് ഫോര്‍ട്ട്, റോഷന്‍ ഷാനവാസ്, ശ്യാം മോഹന്‍, ഷമീര്‍ ഖാന്‍, ശ്രിന്ദ, പാര്‍വതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രന്‍ തുടങ്ങി വലിയൊരു താരനിര തന്നെയാണ് ചിത്രത്തിലുള്ളത്.

◾ പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം കൂട്ടുകെട്ടിലൊരുങ്ങുന്ന 'ഖലീഫ'യിലെ, ജേക്‌സ് ബിജോയ് ഈണം പകര്‍ന്ന 'അസലായവളെ' എന്ന ഗാനം സമൂഹ മാധ്യമങ്ങളില്‍ സൂപ്പര്‍ ഹിറ്റ്. റിലീസ് ചെയ്ത് 24 മണിക്കൂറിനുള്ളില്‍ ഒന്നര മില്യണ്‍ കാഴ്ചക്കാരെയാണ് ഈ ഗാനം യൂട്യൂബില്‍ നിന്ന് നേടിയത്. സിദ് ശ്രീറാം, മഖ്ബൂല്‍ മന്‍സൂര്‍ എന്നിവര്‍ ചേര്‍ന്ന് ആലപിച്ച ഈ മനോഹരമായ പ്രണയ ഗാനത്തിന് വരികള്‍ രചിച്ചത് മുത്തു ആണ്. ഈ വര്‍ഷം ഓണം റിലീസായി ഓഗസ്റ്റ് 20 നാണ് ചിത്രം ആഗോള റിലീസായി തീയേറ്ററുകളിലെത്തുന്നത്. വലിയ ശ്രദ്ധ നേടുന്ന ഈ ഗാനം, 2 ദിനം കൊണ്ട് 2 മില്യണ്‍ കാഴ്ചക്കാരെയും പിന്നിടുമെന്ന് ഉറപ്പായി കഴിഞ്ഞു. തെലുങ്ക് താരം മാളവിക ശര്‍മ്മ ആണ് ചിത്രത്തിലെ നായിക. മാമ്പറയ്ക്കല്‍ അഹമ്മദ് അലി എന്ന കഥാപാത്രമായി ചിത്രത്തില്‍ അതിഥി താരമായി മോഹന്‍ലാലും എത്തുന്നുണ്ട്. ബോളിവുഡ് താരം നീല്‍ നിതിന്‍ മുകേഷും ചിത്രത്തിന്റെ താരനിരയുടെ ഭാഗമാണ്.