Sunday, July 26, 2026
News99 Kerala

പ്രഭാത വാർത്തകൾ


NEWS 99 KERALA
Morning News

2026 ജൂലൈ 24
1448 സഫർ 09
1201കർക്കടകം 08
വെള്ളി അനിഴം


🎙️ നീറ്റ് പരീക്ഷാ ക്രമക്കേടില്‍ കോക്‌റോച്ച് ജനത പാര്‍ട്ടി പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് സാമൂഹ്യപ്രവര്‍ത്തകന്‍ സോനം വാങ്ചുക്ക് 26 ദിവസമായി നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. കേന്ദ്രമന്ത്രിമാരായ ജെ പി നദ്ദ, ഡോ. ജിതേന്ദ്ര സിങ് എന്നിവരുടെ സാന്നിധ്യത്തില്‍ ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ വെച്ചാണ് സോനം വാങ്ചുക്ക് നിരാഹാര സമരം അവസാനിപ്പിച്ചത്. അക്രമസാധ്യതകള്‍ ഒഴിവാക്കാനാണ് സമരം അവസാനിപ്പിക്കുന്നതെന്ന് സോനം വാങ്ചുക്ക് എക്‌സിലൂടെ അറിയിച്ചു.

🎙️ നീറ്റ് പരീക്ഷ ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ കൂടുതല്‍ കര്‍ശനമായ നടപടികള്‍ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നലെ രാത്രി 11:52 നു സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോ സന്ദേശത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷയും അതിവേഗ വിചാരണയും ഉറപ്പാക്കുന്ന കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭ രൂപം നല്‍കുമെന്നും അടുത്തയാഴ്ച ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

🎙️ സോനം വാങ്ചുക്ക് നിരാഹാരം അവസാനിപ്പിച്ചത് ആശ്വാസം പകരുന്ന കാര്യമാണെന്നും അതേസമയം കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെയ്ക്കുന്നതുവരെ ജന്തര്‍ മന്തറിലെ പ്രതിഷേധം തുടരുമെന്നും കോക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകന്‍ അഭിജിത് ദീപ്‌കെ.. സോനം വാങ്ചുക്ക് നിരാഹാരം അവസാനിപ്പിച്ചതിന് പിന്നാലെയാണ് അഭിജിത്തിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ്.

🎙️ കേന്ദ്രത്തിനെതിരെ പുതിയ പോര്‍മുഖം തുറന്ന് പ്രതിപക്ഷം. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്‍ഡ്യ സഖ്യത്തിലെ എംപിമാര്‍ ഗാന്ധി സ്മൃതിയിലേക്ക് മാര്‍ച്ച് നടത്തി. രാഹുല്‍ ഗാന്ധിയുടെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെയും വസതിക്കു മുന്നില്‍ ബരിക്കേഡുകള്‍ വച്ച് പോലീസ് തടഞ്ഞെങ്കിലും മാര്‍ച്ചുമായി മുന്നേറി. ആയിരക്കണക്കിന് പ്രവര്‍ത്തകരും എത്തി. ഗാന്ധി സ്മൃതിയുടെ ഗേറ്റ് തള്ളിത്തുറന്നുകൊണ്ടാണ് അവര്‍ അകത്തേക്കു കയറിയത്.

🎙️ആലപ്പുഴയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച ഗണ്‍മാന്‍മാര്‍ക്കെതിരായ കേസ് അട്ടിമറിച്ചെന്ന കേസില്‍ എഡിജിപി എം.ആര്‍. അജിത്കുമാറിനെ സസ്‌പെന്‍ഡു ചെയ്തു. ആഭ്യന്തര മന്ത്രിയാണ് സസ്‌പെന്‍ഷനു ശുപാര്‍ശ ചെയ്തത്. ശുപാര്‍ശ മുഖ്യമന്ത്രിയും അംഗീകരിച്ചു. സീനിയോറിറ്റി പരിഗണിച്ച് ഈ മാസം 31ന് അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം ലഭിക്കാനിരിക്കെയാണ് സസ്‌പെന്‍ഷന്‍.

🎙️ ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥിയായ നിതിന്‍ രാജിന്റെ മരണത്തില്‍ മുഖ്യപ്രതി ഡോ. റാം വീണ്ടും അറസ്റ്റിലായി. തലശ്ശേരി എസ് സി എസ് ടി പ്രത്യേക കോടതി അനുമതി നല്‍കിയതിനു പിന്നാലെയാണ് അറസ്റ്റ്. കോടതി റാമിനെ റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസം റാമിനെ നടപടി ക്രമങ്ങള്‍ പാലിക്കാതെയാണ് അറസ്റ്റു ചെയ്തതെന്നു ചൂണ്ടിക്കാട്ടി കോടതി ഡോ. റാമിനെ വിട്ടയച്ചിരുന്നു.

🎙️ ജൂലൈയിലെ സാമൂഹ്യ സുരക്ഷാ-ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ ഇന്നു മുതല്‍ വിതരണംചെയ്യും. ഇതിനായി 1,095 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.

🎙️ ശബരിമലയില്‍ കണ്ഠരര് രാജീവരുടെ മകന്‍ ബ്രഹ്‌മദത്തനെ തന്ത്രിയാക്കണമെന്ന ആവശ്യം പരിശോധിക്കാന്‍ ദേവസ്വം ബോര്‍ഡ് മൂന്ന് അംഗ വിദഗ്ധ സമിതിയെ നിയോഗിച്ചു. അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് അടക്കം താന്ത്രികാചാര്യര്‍ ഉള്ള സമിതിയുമായി ഇന്ന് ബോര്‍ഡ് അധ്യക്ഷന്‍ കൂടിക്കാഴ്ച നടത്തും.

🎙️ ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ അറസ്റ്റിലായ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് പി എസ് പ്രശാന്ത്, അംഗം അജികുമാര്‍ എന്നിവരെ കോടതി റിമാന്‍ഡ് ചെയ്തു. ഹൈക്കോടതി അനുമതിയില്ലാതെ ദ്വാരപാലക പാളികള്‍ സ്വര്‍ണ്ണം പൂശാന്‍ കൊണ്ടുപോയതാണ് കുരുക്കായത് തിരുവനന്തപുരം സ്‌പെഷ്യല്‍ ജയിലിലേക്കാണ് ഇവരെ മാറ്റിയത്.


🎙️ കാന്‍സര്‍, വൃക്ക, ക്ഷയ രോഗികള്‍ക്കുള്ള സഹായധനം 2000 രൂപയാക്കി ഉയര്‍ത്തി. നിലവില്‍ 1000 രൂപയാണ് നല്‍കിയിരുന്നത്. ബജറ്റിലെ പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിലാണ് തുക വര്‍ദ്ധിപ്പിച്ചത്. ആരോഗ്യ വകുപ്പില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ ബി പി എല്‍ വിഭാഗത്തില്‍ പെട്ടവര്‍ക്ക് ചികിത്സാ കാലയളവിലാണ് ഈ ആനുകൂല്യം ലഭിക്കുക.

◾ കേരളത്തിലെ 38 തദ്ദേശ ഭരണ വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പിനായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. അടുത്ത മാസം 5 വരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരമുണ്ട്, അന്തിമ പട്ടിക 19 ന് പ്രസിദ്ധീകരിക്കും.

◾ ചോദ്യപേപ്പര്‍ മാറി നല്‍കിയതിനെ തുടര്‍ന്ന് മാറ്റി വെച്ച പിഎസ്സി ലാസ്റ്റ് ഗ്രേഡ് പരീക്ഷ ഓഗസ്റ്റ് 22 ന് നടത്തും. രാവിലെ 10.30 മുതല്‍ ഉച്ചക്ക് 12.05 വരെയാണ് പരീക്ഷ. ചോദ്യ പേപ്പര്‍ മാറി നല്‍കിയ ആലപ്പുഴ ലജ്‌നത്തുള്‍ സ്‌കൂളില്‍ പരീക്ഷ എഴുതിയവര്‍ക്കും അന്ന് വീണ്ടും പരീക്ഷ നടത്തും.

◾ ദേശീയ-രാജ്യാന്തര മത്സരങ്ങളിലെ മെഡല്‍ ജേതാക്കള്‍ക്ക് നല്‍കാനുള്ള പാരിതോഷിക കുടിശ്ശിക തീര്‍ക്കാന്‍ സംസ്ഥാന കായിക വകുപ്പ് 1.5 കോടി രൂപ അനുവദിച്ചു. 2019 മുതലുള്ള കുടിശ്ശിക നല്‍കും. ലോംഗ് ജംപ് താരം ആന്‍സി സോജന്റെ കുടിശ്ശിക ഉടന്‍ കൈമാറാനും മന്ത്രി ഉത്തരവിട്ടു.

◾ ഓണ്‍ലൈന്‍ ഡെലിവറി സ്ഥാപനങ്ങളില്‍ ക്രമക്കേട് നടത്തി ഒന്നരക്കോടിയിലധികം രൂപ വിലമതിക്കുന്ന മൊബൈല്‍ ഫോണുകള്‍ തട്ടിയെടുത്ത കേസില്‍ ഒരാളെ ആലുവ സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പാവൂര്‍ മാറമ്പിള്ളി മുടിക്കല്‍ കരോത്തുകുടി വീട്ടില്‍ സിദ്ദിഖ് (31) ആണ് പിടിയിലായത്.

◾ സിപിഎം നേതാവ് പി കെ ശ്രീമതി ടീച്ചറുടെ പെന്‍ഷന്‍ വാങ്ങല്‍ വിവാദത്തില്‍ പ്രതികരിച്ച് കുന്നംകുളം മുന്‍ എംഎല്‍എ പി ആര്‍ കൃഷ്ണന്റെ മകന്‍. സിപിഎം നേതാവ് പി കെ ശ്രീമതി തന്റെ അമ്മയായ പി കെ ശ്രീമതിയുടെ പെന്‍ഷന്‍ വാങ്ങിയിട്ടില്ലെന്നും പേരിലെ സാമ്യം കൊണ്ട് ഉണ്ടാക്കുന്ന വിവാദമാണെന്നും അജിത് കുമാര്‍ പറഞ്ഞു.

◾ നീറ്റ് പരീക്ഷാക്രമക്കേടില്‍ കേന്ദ്രസര്‍ക്കാരിനെതിരെ എസ്എഫ്‌ഐ സമരം അക്രമാസക്തമായി. തിരുവനന്തപുരത്ത് ലോക് ഭവന്‍ മാര്‍ച്ചില്‍ പൊലീസ് ജലപീരങ്കി പ്രയോ?ഗിച്ചു. കൊച്ചിയിലും തൃശൂരിലും ആലപ്പുഴയിലും കണ്ണൂരിലും പാലക്കാട്ടും മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. സമരക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ജലപീരങ്കി പ്രയോ?ഗിച്ചു.

◾ സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ അന്തരിച്ചു. 81 വയസായിരുന്നു. പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

◾ യുവജനങ്ങളാണ് രാജ്യത്തിന്റെ യഥാര്‍ഥ സമ്പത്തെന്നും. അവരുടെ ശബ്ദം കേള്‍ക്കുകയും അവരെ സംരക്ഷിക്കുകയും ശാക്തീകരിക്കുകയും ചെയ്യണമെന്നു മമ്മൂട്ടി. സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

◾ സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മപരിപാടികളുടെ ഭാഗമായി കെ എസ് ആര്‍ ടി സി ആരംഭിച്ച 'പിങ്ക് ബസ്'- ലേഡീസ് ഒണ്‍ലി സര്‍വീസിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ മന്ത്രി സി പി ജോണ്‍ നിര്‍വഹിച്ചു. തൊഴില്‍ ചെയ്യുന്ന സ്ത്രീകള്‍ക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

◾ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രക്ഷോഭത്തെ പിന്തുണച്ച് നടി അഹാന കൃഷ്ണ. പരീക്ഷാക്രമകേടുകളില്‍ കര്‍ശന നടപടി വേണമെന്ന് നടി ആവശ്യപ്പെട്ടു. അച്ഛന്‍ കൃഷ്ണകുമാറിന്റെ നിലപാടിനെ തള്ളിയാണ് മകളുടെ പ്രതികരണം.

◾ ആലപ്പുഴയിലെ പി കെ കാളന്‍ ഭവന പദ്ധതിയില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നെന്ന ആരോപണത്തില്‍ മന്ത്രി കെഎം ഷാജി അന്വേഷണത്തിന് ഉത്തരവിട്ടു. ടെന്‍ഡര്‍ മുതല്‍ നിര്‍മ്മാണം വരെയുള്ള ഘട്ടങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേക സംഘത്തെ നിയമിച്ചു. 30 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും നിര്‍ദേശമുണ്ട്.

◾ തിരുവനന്തപുരം വെമ്പായത്തെ ബാറില്‍ മദ്യപസംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കവുമായി ബന്ധപ്പെട്ട് വെഞ്ഞാറമൂട് പോലീസ് മൊഴി എടുത്തയാള്‍ വീട്ടില്‍ തൂങ്ങിമരിച്ചു. നെടുമങ്ങാട് ഉണ്ടപ്പാറ സ്വദേശി രതീഷ് ആണ് മരിച്ചത്. ബാറില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ സമയത്ത് രതീഷും ബാറില്‍ ഉണ്ടായിരുന്നു.

◾ കായലില്‍ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ രോഗബാധിതയായി കിടപ്പിലായിരുന്ന അമ്മയും മരിച്ചു. വള്ളിക്കാവ് ശിവസന്ധ്യയില്‍ വിജയന്റെ ഭാര്യ സന്ധ്യ (50), അമ്മ ഭാസുര (80) എന്നിവരാണ് മരിച്ചത്.

◾ റെയില്‍വേ ഭൂമി ഏറ്റെടുക്കലിന് നഷ്ടപരിഹാരം നല്‍കാത്തതിനെ തുടര്‍ന്ന് തിരുവല്ല താലൂക്ക് ഓഫീസിലെ ജീപ്പും കമ്പ്യൂട്ടറുകളും അടക്കമുള്ള വസ്തുക്കള്‍ കോടതി ഉത്തരവ് പ്രകാരം ജപ്തി ചെയ്തു. ചെങ്ങന്നൂര്‍ - കോട്ടയം റെയില്‍പാത ഇരട്ടിപ്പിക്കലിനായി ഭൂമി വിട്ടുനല്‍കിയ വ്യക്തിക്ക് 5.34 ലക്ഷം രൂപ നല്‍കാത്തതിനാലാണ് നടപടി.

◾ ആലപ്പുഴയിലെ രക്ഷാപ്രവര്‍ത്തന കേസ് അട്ടിമറിച്ച സംഭവത്തില്‍ എഡിജിപി എംആര്‍ അജിത് കുമാറിനെ സസ്‌പെന്‍ഡ് ചെയ്ത യുഡിഎഫ് സര്‍ക്കാര്‍ നടപടിയെ പ്രശംസിച്ച് എഡി തോമസ് എംഎല്‍എ. കേരളത്തിലെ പൊതുജനങ്ങള്‍ക്ക് യുഡിഎഫ് സര്‍ക്കാര്‍ നല്‍കിയ വാക്ക് പാലിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

◾ പാലക്കാട് കഞ്ചിക്കോട് ഗവണ്‍മെന്റ് എച്ച്എസ്എസില്‍ കായികാധ്യാപകന്‍ കുട്ടികളെ മര്‍ദിച്ച പരാതിയുമായി ബന്ധപ്പെട്ട് സ്‌കൂള്‍ സന്ദര്‍ശിച്ച് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ അംഗങ്ങള്‍ തെളിവെടുപ്പ് നടത്തി. കുട്ടികളോട് കമ്മീഷന്‍ കാര്യങ്ങള്‍ അന്വേഷിച്ചു. അധ്യാപകനില്‍ നിന്ന് ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ ഉണ്ടായതായി കുട്ടികള്‍ പറഞ്ഞു.

◾ നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയെ ട്രോളി സപ്ലൈക്കൊ. സപ്ലൈക്കൊ ഉല്‍പ്പന്നങ്ങളുടെ പുതിയ പരസ്യത്തിലാണ് ട്രോള്‍. 'നിലവാരത്തില്‍ നീറ്റ്, ലീക്കില്ലാത്ത പാക്ക് ' എന്നതാണ് പുതിയ പരസ്യത്തിലെ വാചകം.

◾ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദയുടെ ഔദ്യോഗിക വസതിയിലോ ഓഫീസിലോ വെച്ച് ചര്‍ച്ചനടത്താമെന്ന സര്‍ക്കാരിന്റെ നിര്‍ദ്ദേശം തള്ളി കോക്രോച്ച് ജനതാ പാര്‍ട്ടി. നിഷ്പക്ഷ വേദിയില്‍ ചര്‍ച്ച ആകാമെന്ന് അവര്‍ അറിയിച്ചു.

◾ സിജെപിയെ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ച് കേന്ദ്ര സര്‍ക്കാര്‍. സമരക്കാര്‍ പറയുന്നിടത്ത് ചര്‍ച്ച നടത്താമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. ജെപി നദ്ദയുടെ ഓഫീസിലോ വസതിയിലോ സമരക്കാര്‍ നിര്‍ദ്ദേശിക്കുന്ന സ്ഥലത്തോ ചര്‍ച്ച നടത്താം. അദ്ദേഹം പറഞ്ഞു.

◾ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവക്കണമെന്ന് ആശ്യപ്പെട്ടുള്ള പ്രതിഷേധത്തിനിടെ വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ് നടത്തിയ അതിക്രമത്തില്‍ പരിക്കേറ്റവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്ന് രാജ്യവ്യാപക സമരം പ്രഖ്യാപിച്ച് സി ജെ പി. സമാധാനപരമായി സമരം നടത്തണമെന്ന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.

◾ വിദ്യാഭ്യാസ മന്ത്രിയെ മാറ്റണമെന്ന് സമ്മര്‍ദ്ദം നിലനില്‍ക്കേ, കേന്ദ്ര സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വിനീത് ജോഷിയെ മാറ്റി. നരേഷ് പാല്‍ ആണ് പുതിയ സെക്രട്ടറി. വിനീത് ജോഷിയെ പഞ്ചായത്തീ രാജ് മന്ത്രാലയത്തിലേക്കാണ് മാറ്റിയത്. സ്‌കൂള്‍ വിദ്യാഭ്യാസ സെക്രട്ടറിയായി കര്‍ണാടക കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ടി കെ അനില്‍കുമാറിനെ നിയമിച്ചു.

◾ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കാന്‍ ഫാസ്റ്റ് ട്രാക്ക് കോടതി രൂപീകരിച്ച് ഡല്‍ഹി ഹൈക്കോടതി. ജസ്റ്റിസ് അനു ഗ്രോവര്‍ ബലിഗ ഫാസ്റ്റ് ട്രാക്ക് കോടതി പ്രത്യേക ജഡ്ജിയാകും. 2024 പബ്ലിക് എക്‌സാമിനേഷന്‍ ആക്ടിന് കീഴിലെ കുറ്റങ്ങള്‍ ഫാസ്റ്റ് ട്രാക്ക് കോടതി പരിഗണിക്കും. നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ രാവിലെയാണ് ഫാസ്റ്റ് ട്രാക്ക് കോടതി പ്രഖ്യാപിച്ചത്.

◾ ഡല്‍ഹിയിലെ കോണാട്ട് പ്ലേസ് അടക്കമുള്ള വിവിധ മേഖലകളിലേക്കു കൂടി 'പാറ്റ' സമരം വ്യാപിച്ചതോടെ കൂടുതല്‍ പ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. കൊണാട്ട് പ്ലെയിസിലെ കെട്ടിടങ്ങള്‍ വൈകുന്നേരം ആറരയോടെ അടപ്പിച്ചു. കൂടുതല്‍ പ്രദേശങ്ങളിലേക്ക് സേനയെ വിന്യസിച്ചു.

◾ രാഹുല്‍ ഗാന്ധി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്കു മുന്നിലല്ല, ജന്തര്‍ മന്ദറിലെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പമാണ് പ്രതിഷേധിക്കേണ്ടിയിരുന്നതെന്ന് ആക്റ്റിവിസ്റ്റ് സോനം വാങ്ചുകിന്റെ ഭാര്യ ഗീതാഞ്ജലി ആങ്‌മോ. കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധം ആത്മാര്‍ത്ഥത ഇല്ലാത്തതാണെന്ന് അവര്‍ കുറ്റപ്പെടുത്തി.

◾ നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ നടന്ന പ്രക്ഷോഭത്തില്‍ യുവതി മരിച്ചെന്ന വാര്‍ത്ത വ്യാജമാണെന്ന് പോലീസ് അറിയിച്ചു. ഇത്തരം പ്രചാരണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി.

◾ ഡല്‍ഹിയില്‍ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് സാമൂഹിക പ്രവര്‍ത്തകന്‍ അണ്ണാ ഹസാരെ രണ്ടു മണിക്കൂര്‍ നീണ്ട മൗന ആന്ദോളന്‍ (മൗന സമരം) നടത്തി. മഹാരാഷ്ട്രയിലെ അഹില്യാനഗറിലാണ് അദ്ദേഹം സമരം സംഘടിപ്പിച്ചത്.

◾ നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ മുംബൈയില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥികളെ വ്യാജ മയക്കുമരുന്ന് കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. ഭീഷണിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് നടപടി.

◾ തെക്കന്‍ ഗുജറാത്തിലും മഹാരാഷ്ട്രയിലും മഴ കനത്തതോടെ കേരളത്തില്‍ നിന്നുളള ട്രെയിനുകള്‍ വഴിതിരിച്ചുവിടുന്നു. കൊച്ചുവേളി - അമൃതസര്‍ എക്‌സ്പ്രസ്, തിരുവനന്തപുരം സെന്‍ട്രല്‍ - നിസാമുദ്ദീന്‍ എക്‌സ്പ്രസും ട്രെയിനുകളാണ് പന്‍വേലില്‍ നിന്നും വഴിതിരിച്ചുവിടുക.

◾ ഡി ആര്‍ ഡി ഒ വികസിപ്പിച്ച ദീര്‍ഘദൂര ഉപരിതല-ആകാശ മിസൈല്‍ 'കുശ'യുടെ ആദ്യ ഫ്‌ലൈറ്റ് ടെസ്റ്റ് വിജയം. ഒഡീഷ തീരത്തെ ഡോ. എ.പി.ജെ. അബ്ദുള്‍ കലാം ദ്വീപില്‍ നിന്നാണ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചത്.

◾ മധുവിധു യാത്രയ്ക്കിടെ ഭര്‍ത്താവ് രാജ രഘുവംശിയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ സോനം രഘുവംശിയുടെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി. മൂന്ന് ആഴ്ചയ്ക്കുള്ളില്‍ വിചാരണക്കോടതിക്ക് മുന്നില്‍ കീഴടങ്ങാനാണ് സോനം രഘുവംശിയോട് സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുള്ളത്.

◾ സിജെപി സമരത്തെ അധിക്ഷേപിച്ച് ഇന്‍സ്റ്റഗ്രാം സ്റ്റോറി പങ്കുവെച്ച സിആര്‍പിഎഫിന് കീഴിലുള്ള റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ് ഉദ്യോഗസ്ഥ വിവാദത്തില്‍. ഹരിയാനയില്‍നിന്നുള്ള റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ്(ആര്‍എഎഫ്) അസി. കമാന്‍ഡന്റ് ആയ സോണിയ ഷെരാവത്തിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയാണ് വിവാദമായത്.

◾ ഡല്‍ഹിയിലെ സമരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നാഗാലാന്‍ഡിലെ നാഗാലാന്‍ഡ് സ്വദേശിയായ ഡീലി ഡീനു ഡല്‍ഹി ജന്ദര്‍ മന്തറിലെ സമരക്കാര്‍ക്കായി 67000 രൂപയുടെ 150 ചീസ് ബര്‍സ്റ്റ് പിസ്സകള്‍ നല്‍കി.

◾ ഇറാനെതിരായ സൈനിക നടപടികള്‍ അവസാനിപ്പിക്കാന്‍ ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിന് നിര്‍ദേശം നല്‍കുന്ന പ്രമേയം യു.എസ് ജനപ്രതിനിധി സഭ പാസാക്കി. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള സഭയിലാണ് 208-നെതിരെ 214 വോട്ടുകള്‍ക്കു പ്രമേയം പാസായത്.

◾ കുവൈറ്റിലെ അബ്ദലി അതിര്‍ത്തി ചെക്ക്പോസ്റ്റില്‍ ഡ്രോണ്‍ ആക്രമണം. ആക്രമണത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചെങ്കിലും ആളപായമില്ല.

◾ 'കണ്ണിന് പകരം കണ്ണ്' എന്ന നയമാണ് തങ്ങളുടേതെന്ന ഇറാന്റെ പ്രസ്താവനയ്ക്ക് 'കണ്ണിന് പകരം തല' എന്നതാണ് ഇനി നയമെന്ന മറുപടിയുമായി അമേരിക്ക. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ആണ് 'കണ്ണിന് പകരം തല' എന്നതായിരിക്കും ഇനി നയമെന്ന് വ്യക്തമാക്കിയത്.

◾ പശ്ചിമേഷ്യയിലെയും കപ്പല്‍പ്പാതകളിലെയും സംഘര്‍ഷ സാഹചര്യം വഷളാവുന്നു. ബാബ് അല്‍ മന്ദബില്‍ സൗദിയുടേത് ഉള്‍പ്പടെ രണ്ട് കപ്പലുകള്‍ ഹൂതികള്‍ ആക്രമിച്ചു.

◾ നേപ്പാള്‍ പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം വിദേശ രാജ്യങ്ങളുടെ സ്ഥാനപതിമാരുമായി നേരിട്ട് കൂടിക്കാഴ്ച നടത്തേണ്ടതില്ലെന്ന മുന്‍ നിലപാട് സ്വയം തിരുത്തി ബാലേന്ദ്ര ഷാ. ഇന്ത്യയുടെയും ചൈനയുടെയും നേപ്പാളിലെ സ്ഥാനപതിമാരുമായി ഈ ആഴ്ച തന്നെ അദ്ദേഹം കൂടിക്കാഴ്ച നടത്തും.

◾ 2027ലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഓവല്‍ വേദിയാകുമെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍. രണ്ടാം തവണയാണ് ഓവല്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് വേദിയാകുന്നത്. 2027 ജൂണ്‍ 9 മുതല്‍ 13 വരെയാണ് ഫൈനല്‍ മത്സരം നിശ്ചയിച്ചിരിക്കുന്നത്.
◾ സിംബാബ്വെക്കെതിരായ ആദ്യ ടി20 മത്സരത്തില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത സിംബാബ്വെക്ക് 7 വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 13.2 ഓവറില്‍ ലക്ഷ്യത്തിലെത്തി. 19 പന്തില്‍ 50 റണ്‍സെടുത്ത കൗമാരതാരം വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് ബാറ്റിംഗാണ് ഇന്ത്യയുടെ വിജയം എളുപ്പമാക്കിയത്.

◾ അര്‍ജന്റീനയെ ലോകകപ്പില്‍ നിന്ന് വിലക്കണമെന്ന ഹര്‍ജിയില്‍ ഒപ്പിട്ടത് 23 മില്ല്യണ്‍ ആളുകളെന്ന് റിപ്പോര്‍ട്ടുകള്‍. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, 'അര്‍ജന്റീനയെ പുറത്താക്കണം' എന്ന് പേരിട്ടിരുന്ന ഹര്‍ജിക്ക് ഏകദേശം 170 രാജ്യങ്ങളില്‍ നിന്ന് 2,33,16,108 ഒപ്പുകളാണ് ലഭിച്ചത്. എന്നാല്‍ അര്‍ജന്റീന സ്പെയ്നിനോട് 1-0ത്തിന് ഫൈനലില്‍ തോറ്റപ്പോള്‍ 'ഫിഫ ഞങ്ങളെ അവഗണിച്ചു,പക്ഷേ സ്പെയിന്‍ വാക്ക് പാലിച്ചു...നന്ദി, സ്പെയിന്‍' എന്ന സന്ദേശത്തോടെ സംഘാടകര്‍ ഒപ്പുശേഖരം അവസാനിപ്പിക്കുകയായിരുന്നു.

◾ രാജ്യത്തെ ഏറ്റവും വലിയ എയര്‍ലൈന്‍ കമ്പനിയായ ഇന്‍ഡിഗോയുടെ മാതൃസ്ഥാപനമായ ഇന്റര്‍ഗ്ലോബ് ഏവിയേഷന് നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ തിരിച്ചടി. കഴിഞ്ഞ വര്‍ഷം ജൂണ്‍ പാദത്തില്‍ 2,176 കോടി രൂപയുടെ ലാഭം നേടിയിരുന്ന കമ്പനി, ഇത്തവണ 238 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ വിമാന ഇന്ധനവില കുതിപ്പാണ് മികച്ച വരുമാന വളര്‍ച്ചയുണ്ടായിട്ടും കമ്പനിയെ നഷ്ടത്തിലേക്ക് തള്ളിവിട്ടത്. കമ്പനിയുടെ വരുമാനം മുന്‍വര്‍ഷത്തെ 20,496 കോടി രൂപയില്‍ നിന്ന് 20 ശതമാനം ഉയര്‍ന്ന് 24,584 കോടി രൂപയായി. എന്നാല്‍ മൊത്തം ചെലവുകള്‍ 34 ശതമാനം ഉയര്‍ന്ന് 19,232 കോടി രൂപയില്‍ നിന്ന് 25,853 കോടി രൂപയിലെത്തി. കഴിഞ്ഞ വര്‍ഷത്തെ 5,833 കോടി രൂപയില്‍ നിന്ന് 86 ശതമാനം ഉയര്‍ന്ന് 10,833 കോടി രൂപയായി ഇന്ധനച്ചെലവ്. വിമാനങ്ങളുടെ മെയിന്റനന്‍സ്, വാടക ചെലവുകള്‍ 13.9 ശതമാനം ഉയര്‍ന്ന് 3,498 കോടി രൂപയിലെത്തി. കമ്പനിയുടെ മൊത്തം കടബാധ്യത 81,531 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്.

◾ പാദവാര്‍ഷിക ലാഭം 100 ബില്യണ്‍ (10,000 കോടി) ഡോളറില്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ലോകത്തെ ആദ്യ കമ്പനിയായി ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റ്. പുതിയ കോര്‍പ്പറേറ്റ് റെക്കോഡ് സ്ഥാപിക്കുന്നതാണ് കമ്പനിയുടെ നേട്ടം. രണ്ടാം പാദ വരുമാന കണക്കുകളിലാണ് കമ്പനി 112.1 ബില്യണ്‍ ഡോളര്‍ അറ്റാദായം രേഖപ്പെടുത്തിയതായി വ്യക്തമാക്കുന്നത്. ഈ വരുമാനം മൂന്നു മാസത്തിനുള്ളില്‍ 459 ഫോര്‍ച്യൂണ്‍ 500 കമ്പനികള്‍ക്ക് (മികച്ച വരുമാനം നേടുന്ന യു.എസിലെ 500 കമ്പനികളുടെ പട്ടിക) ലഭിക്കുന്ന മൊത്തം വാര്‍ഷിക വരുമാനത്തേക്കാള്‍ കൂടുതലാണ്. ഗൂഗിള്‍ ക്ലൗഡ് വരുമാനത്തില്‍ 82 ശതമാനത്തിന്റെ വര്‍ധന ഉണ്ടായതിനെത്തുടര്‍ന്ന് ആല്‍ഫബെറ്റിന്റെ വരുമാനം ഒരു വര്‍ഷം മുന്‍പത്തേക്കാള്‍ 24 ശതമാനം വര്‍ധിച്ച് 119.8 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. ഗൂഗിളിന്റെ നിക്ഷേപങ്ങളില്‍നിന്നുള്ള ലാഭത്തിന്റെ വലിയൊരു ഭാഗം ക്ലോഡ് നിര്‍മ്മാതാവായ ആന്ത്രോപിക്, ഇലോണ്‍ മസ്‌കിന്റെ സ്പേസ്എക്സ് എന്നിവയിലെ ആല്‍ഫബെറ്റിന്റെ ഓഹരികളില്‍ നിന്നാണ്.

◾ മലയാള സിനിമാസ്വാദകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'പ്ലൂട്ടോ' എന്ന ചിത്രത്തിലെ രസകരമായ ട്രെയിലര്‍ പുറത്തിറങ്ങി. ഏറെ പ്രത്യേകതകള്‍ ഉള്ള ട്രെയിലറില്‍ ഏലിയന്റെ സൂപ്പര്‍ പവര്‍ എന്താണെന്ന് കണ്ടെത്താന്‍ ശ്രമിക്കുന്ന നീരജും ഏലിയന്റെ വ്യത്യസ്തമായ ഗെറ്റപ്പിലെത്തുന്ന അല്‍ത്താഫും ചിത്രത്തില്‍ ഉടനീളം ചിരിപ്പിക്കും. ആദിത്യന്‍ ചന്ദ്രശേഖര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം ജൂലൈ 30-ന് തിയേറ്ററുകളില്‍ എത്തും. നീരജ് മാധവ് മുഖ്യ വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ അന്യഗ്രഹജീവിയായി എത്തുന്നത് അല്‍ത്താഫ് സലീമാണ്. ഇവര്‍ക്കൊപ്പം അജു വര്‍ഗീസ്, ആര്‍ഷ ബൈജു തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രത്തില്‍ അജു വര്‍ഗീസിന്റെ വ്യത്യസ്തമായ മേക്കോവര്‍ ഏറെ കൗതുകമുണര്‍ത്തുന്നതാണ്. ഇവരെ കൂടാതെ സുബിന്‍ ടാര്‍സന്‍, ദിനേശ് പ്രഭാകര്‍, വിനീത് തട്ടില്‍, നിഹാല്‍ നിസാം, സഹീര്‍ മുഹമ്മദ്, നിംന ഫാത്തിമി, സച്ചിന്‍, തുഷാര പിള്ള, വിപിന്‍ അറ്റ്ലി തുടങ്ങിയ വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്.

◾ നയന്‍താര നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രം 'ഹായ്' സിനിമയിലെ പുതിയ ഗാനം റിലീസ് ചെയ്തു. ജെന്‍ മാര്‍ട്ടിന്‍ സംഗീതം നല്‍കിയ രസഗുള എന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. വിഷ്ണു എടവാന്‍ ആണ് രചന നിര്‍വഹിച്ചിരിക്കുന്നത്. ബൃന്ദ മാസ്റ്റര്‍ ആണ് നൃത്ത സംവിധാനം. കെവിന്‍ നായകനായി എത്തുന്ന ഈ ചിത്രം ഓഗസ്റ്റ് 14ന് തിയറ്ററുകളില്‍ എത്തും. ഒരു റൊമാന്റിക് ചിത്രമാണ് ഹായ്. സംവിധാനം നിര്‍വഹിക്കുന്നത് വിഷ്ണു ഇടവനാണ്. ജെന്‍ മാര്‍ട്ടിനാണ് സംഗീത സംവിധാനം. നയന്‍താര നായികയായി വേഷമിടുന്ന പുതിയ ചിത്രം മണ്ണാങ്കട്ടി സിന്‍സ് 1960 ചിത്രീകരണം പൂര്‍ത്തിയായിട്ടുണ്ട്. സംവിധാനം ഡ്യൂഡ് വിക്കിയാണ്. ഗൗരി കിഷന്‍, ദേവദര്‍ശനി, നരേന്ദ്ര തുടങ്ങിയവരും നയന്‍താരയ്‌ക്കൊപ്പം പ്രധാന വേഷങ്ങളില്‍ പുതിയ ചിത്രത്തില്‍ ഉണ്ടാകും.

*ശുഭദിനം*
*കവിത കണ്ണന്‍*
ഗവേഷകന്‍ കുരങ്ങിന്റെ കയ്യില്‍ മാണിക്യം നല്‍കി. ഒന്ന് തിരിച്ചും മറിച്ച് നോക്കിയിട്ട് കുരങ്ങ് മാണിക്യം ഗവേഷകന് തിരിച്ചു നല്‍കി. അപ്പോള്‍ അയാള്‍ ഒരു നേന്ത്രപ്പഴം നല്‍കി. കുരങ്ങ് അത് സന്തോഷത്തോടെ വാങ്ങി തിന്നാന്‍ നോക്കിയപ്പോള്‍ ഗവേഷകന്‍ ഒരു മുന്തിരിക്കുല എടുത്ത് ആദ്യത്തെ കുരങ്ങിന് അടുത്തിരിക്കുന്ന കുരങ്ങിന് അത് നല്‍കി. മുന്തിരിക്കുല രണ്ടാമത്തെ കുരങ്ങിന് നല്‍കിയതില്‍ ദേഷ്യം പിടിച്ച് കയ്യിലിരുന്ന പഴം ആദ്യത്തെ കുരങ്ങ് അയാളുടെ മുഖത്തേക്ക് വലിച്ചെറിഞ്ഞു. തനിക്ക് ഉപകരിക്കുന്നവരെ മാത്രമേ എല്ലാവരും ഇഷ്ടപ്പെടൂ.. ആരും ഒന്നിനെയും കാരണമില്ലാതെ സ്നേഹിക്കുകയില്ല. ഏതെങ്കിലും വിധത്തില്‍ സ്വന്തം താല്‍പര്യങ്ങളെ താലോലിക്കുന്നവര്‍ക്കണ് ഒരോരുത്തരുടേയും പ്രിയങ്കരമായവയുടെ പട്ടികയില്‍ സ്ഥാനം. തങ്ങളുടെ ഇഷ്ടങ്ങള്‍ക്ക് മാത്ര മുന്‍ഗണന നല്‍കുന്നവരോടൊപ്പമുളള ജീവിതത്തിന് ചില പരിമിതകളുണ്ട്. അവര്‍ക്ക് സ്വന്തം സന്തോഷങ്ങള്‍ക്ക് വേണ്ടി ജീവിക്കാന്‍ സമയമുണ്ടാകില്ല. മറ്റുള്ളവരെ പ്രീതിപ്പെടുത്താന്‍ മാത്രമായി ജീവിതലക്ഷ്യം ചുരുങ്ങും. സ്വന്തം ഇഷ്ടങ്ങളെ മാത്രം പരിഗണിക്കുന്നവരെ ഒരിക്കലും തൃപ്തിപ്പെടുത്താന്‍ സാധിക്കില്ല. എല്ലാവര്‍ക്കും അവരവരുടേതായ ജീവിതമുണ്ട്. മറ്റുളളവര്‍ക്ക് വേണ്ടി ജീവിച്ച് സ്വന്തം ജീവിതം നഷ്ടപ്പെടുത്തരുത് - ശുഭദിനം.