രാജ്യത്തെ മൊബൈൽ ഫോൺ പ്രീ പെയ്ഡ് രംഗത്തെ ചൂഷണം: മൊബൈൽ കമ്പനികൾക്ക് പൂട്ടിട്ട് ട്രായ്.റീചാർജ്ജ് കൊള്ള ഇതോടെ നിൽക്കും
Editors Pick
September 28, 2026 | 05:22 AM
രാജ്യത്തെ മൊബൈൽ പ്രീപെയ്ഡ് ഉപഭോക്താക്കൾ നേരിടുന്ന ദീർഘകാലത്തെ ചൂഷണങ്ങൾക്ക് വിരാമമിട്ട് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്).
ടെലികോം കൺസ്യൂമർ പ്രൊട്ടക്ഷൻ പതിമൂന്നാം ഭേദഗതി ചട്ടങ്ങൾ പ്രകാരം ഇനിമുതൽ എല്ലാ ടെലികോം സേവനദാതാക്കളും കൃത്യം 30 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാനുകളും ഇന്റർനെറ്റ് ഡാറ്റ ആവശ്യമില്ലാത്ത സാധാരണക്കാർക്കായി വോയ്സ്, എസ്എംഎസ് മാത്രമുള്ള പ്രത്യേക പ്ലാനുകളും വിപണിയിൽ ലഭ്യമാക്കണമെന്നുള്ള നിർദേശങ്ങൾ അടങ്ങിയ പുതിയ ചട്ടഭേദഗതികൾ വിജ്ഞാപനം ചെയ്തു. സാധാരണക്കാർക്കും മുതിർന്ന പൗരന്മാർക്കും വലിയ ആശ്വാസം നൽകുന്നതാണ് പുതിയ ഈ തീരുമാനം.
നിലവിൽ രാജ്യത്തെ ഭൂരിഭാഗം പ്രീപെയ്ഡ് ഉപഭോക്താക്കളും ഒരു മാസത്തെ കാലാവധി എന്ന പേരിൽ 28 ദിവസത്തെ പ്ലാനുകളാണ് ഉപയോഗിച്ചുവരുന്നത്. ഇപ്രകാരം ഉപഭോക്താക്കൾ ഒരു വർഷത്തിൽ 13 തവണ റീചാർജ് ചെയ്യാൻ നിർബന്ധിതരാകുന്നു.. കലണ്ടർ വർഷത്തിലെ ബാക്കി വരുന്ന ദിവസങ്ങൾ ചേർത്ത് കമ്പനികൾ അനധികൃതമായി ഒരു മാസത്തെ തുക അധികമായി കൈക്കലാക്കുന്ന രീതിയാണ് നിലനിൽക്കുന്നത്.എന്നാൽ പുതിയ ഉത്തരവ് പ്രാബല്യത്തിൽ വരുന്നതോടെ വർഷത്തിൽ കൃത്യം 12 തവണ മാത്രം റീചാർജ് ചെയ്താൽ മതിയാകും.
ഇന്റർനെറ്റ് ഉപയോഗം ആവശ്യമില്ലാത്ത സാധാരണ ഫോൺ ഉപയോക്താക്കൾക്കും കോളുകൾ മാത്രം ആവശ്യമുള്ളവർക്കും ഡാറ്റ അടങ്ങിയ ബണ്ടിൽഡ് പ്ലാനുകൾ കൂടിയ നിരക്കിൽ വാങ്ങേണ്ട അവസ്ഥയ്ക്കാണ് പുതിയ ചട്ടത്തോടെ മാറ്റം വരുന്നത്. കോളിങ്, എസ്എംഎസ് സേവനങ്ങൾ മാത്രമായി ആഗ്രഹിക്കുന്നവർക്കായി കുറഞ്ഞ നിരക്കിലുള്ള പ്രത്യേക പ്ലാനുകൾ ടെലികോം കമ്പനികൾ നിർബന്ധമായും അവതരിപ്പിക്കണം.
കൂടാതെ 30 ദിവസത്തിൽ താഴെ വാലിഡിറ്റിയുള്ള ബണ്ടിൽഡ് പ്ലാനുകൾ ലഭ്യമാക്കുന്ന കമ്പനികൾ, അതിന് ആനുപാതികമായി കോളിങ്ങിനും സന്ദേശങ്ങൾക്കും മാത്രമുള്ള ചെറിയ പായ്ക്കുകളും നൽകാൻ ബാധ്യസ്ഥരാകും. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മൊബൈൽ ഫോൺ ഉപഭോക്താക്കൾക്ക് തങ്ങളുടെ ഉപയോഗത്തിന് അനുസരിച്ചുള്ള നിരക്കുകൾ മാത്രം തിരഞ്ഞെടുക്കാൻ ഇതിലൂടെ അവസരമാകും.
പുതിയ നിർദേശങ്ങൾ അനുസരിച്ച് ഓരോ മാസവും ഒരേ തീയതിയിൽ തന്നെ പുതുക്കാവുന്ന (റിന്യൂവൽ) റീചാർജ് പ്ലാനുകൾ കമ്പനികൾ ഉൾപ്പെടുത്തണം. ഉദാഹരണം, ഒരു മാസത്തിലെ പത്താം തീയതിയാണ് ഒരാൾ റീചാർജ് ചെയ്യുന്നതെങ്കിൽ അടുത്ത മാസത്തിലെ അതേ തീയതിയിലായിരിക്കും പ്ലാനിന്റെ വാലിഡിറ്റി അവസാനിക്കുക. ഫെബ്രുവരി പോലുള്ള ദിവസങ്ങളുടെ എണ്ണത്തിൽ കുറവുള്ള മാസങ്ങളിൽ ആ മാസത്തിലെ അവസാന ദിവസം പ്ലാൻ പുതുക്കാനുള്ള പ്രത്യേക സൗകര്യവും നൽകണം.
Comments