*കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നു; 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്*
Kerala
September 21, 2026 | 05:18 AM
*കോഴിക്കോട് :* ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ വീണ്ടും ശക്തമായി. കനത്ത മഴയ്ക്കിടെ വിവിധ ജില്ലകളിൽ മണ്ണിടിച്ചിലും ജീവനാശവും റിപ്പോർട്ട് ചെയ്തതോടെ ജാഗ്രതാ നിർദേശം ശക്തമാക്കി. അടുത്ത മൂന്ന് മണിക്കൂറിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഇടിമിന്നലോടുകൂടിയ ഇടത്തരം മഴയ്ക്കൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റും അനുഭവപ്പെടാം. ഈ ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിലേക്കാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
പത്തനംതിട്ട, ആലപ്പുഴ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. മഴ ശക്തമാകുന്ന സാഹചര്യത്തിൽ മലയോര മേഖലകളിലും മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്.
Comments