Wednesday, September 09, 2026
News99 Kerala

ചിറകുകൾ’ പദ്ധതി: ഭിന്നശേഷി സൗഹൃദ ഗ്രാമമാക്കാൻ ഇ.എം.ഇ.എ. സ്കൂളിന്റെ മാതൃകാ സംരംഭം

Logo
Kerala August 18, 2026 | 09:30 AM
News Image
‘കൊണ്ടോട്ടി: ഇ.എം.ഇ.എ. ഹയർ സെക്കൻഡറി സ്കൂൾ ഉൾപ്പെടുന്ന ചെമ്മലപ്പറമ്പ് ഗ്രാമത്തെ മാതൃകാ ഭിന്നശേഷി സൗഹൃദ ഗ്രാമമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ ഇ.എം.ഇ.എ. സ്കൂൾ നടപ്പാക്കുന്ന ‘ചിറകുകൾ’ സമഗ്ര സാമൂഹിക പദ്ധതിയുടെ പ്രവർത്തനങ്ങൾ തുടക്കമായി. ഭിന്നശേഷിയുള്ളവരുടെ അവകാശങ്ങളും അവസരങ്ങളും ഉറപ്പാക്കുന്നതിനൊപ്പം അവരെ സമൂഹത്തിന്റെ മുഖ്യധാരയിൽ സമഗ്രമായി ചേർത്തുനിർത്തുന്നതിനുള്ള വിവിധ ഇടപെടലുകളാണ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്നത്.

സ്കൂളിലെ വിവിധ ക്ലബുകൾ, അമൽ ഇൻസ്പയർ കൂട്ടായ്മ, ഡിവിഷൻ കൗൺസിലർ ഫൗസിയ ഇക്ബാൽ,സമീപ ഡിവിഷൻ കൗൺസിലർ വി.കെ ഖാലിദ്,
കുടുംബശ്രീ യൂണിറ്റ്, ആശാ പ്രവർത്തകർ, പ്രാഥമിക ആരോഗ്യകേന്ദ്രം, വിവിധ സാമൂഹിക സംഘടനകൾ, രാഷ്ട്രീയ പാർട്ടികൾ, പൂർവ്വ വിദ്യാർത്ഥികൾ, പി.ടി.എ.
സ്കൂളിലെ സ്പെഷ്യൽ എജ്യൂക്കേറ്റർ റാഷിദ് പയേരി , എന്നിവരോടൊപ്പം സ്കൂൾ പൂർവ്വ വിദ്യാർത്ഥികളായ ഡോക്ടർമാർ, അധ്യാപകർ, ബിസിനസ് രംഗത്തെ പ്രമുഖർ എന്നിവരുടെയും സഹകരണത്തോടെയാണ് പദ്ധതി മുന്നോട്ടുപോകുന്നത്.

പദ്ധതിയുടെ ഒന്നാംഘട്ടമായി സ്കൂൾ ഉൾപ്പെടുന്ന പ്രദേശത്തെ വീടുകളിലും സ്കൂൾ വിദ്യാർത്ഥികൾക്കിടയിലും ചോദ്യാവലിയുടെ അടിസ്ഥാനത്തിലുള്ള സർവേ നടത്തി. ഭിന്നശേഷിയുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ, നിലവിലുള്ള സൗകര്യങ്ങൾ, കുടുംബങ്ങൾ നേരിടുന്ന വെല്ലുവിളികൾ, ആവശ്യമായ ചികിത്സാ-പുനരധിവാസ സേവനങ്ങൾ, വിദ്യാഭ്യാസ-തൊഴിൽ സാധ്യതകൾ,സർഗാത്മക ഇടം തുടങ്ങിയവ കണ്ടെത്തുന്നതിനാണ് സർവേ.

യുവപ്രതിഭാ പുരസ്‌കാര ജേതാവും ‘ചിറകുകൾ’ പദ്ധതിയുടെ ബ്രാൻഡ് അംബാസഡറുമായ അമൽ ഇഖ്ബാൽ സ്കൂൾ ഗ്രാമവാസിയായ മുഹമ്മദ് അബ്ദുൽ കരീം പി.പി.യ്ക്ക് സർവേ ഫോം നൽകി സർവേ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് രോഹിണി കെ.എസ്
, ഡിവിഷൻ കൗൺസിലർ ഫൗസിയ ഇഖ്ബാൽ, ചിറക് വിദ്യാർത്ഥി കോർഡിനേറ്റർ മാളവിക, പദ്ധതി അദ്ധ്യാപക കോർഡിനേറ്റർ കെ.എം. ഇസ്മായിൽ മാസ്റ്റർ, അമൽ പിതാവ് ഇഖ്ബാൽ,ചിറക് ക്ലബ് അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.

ചിറകുകൾ’ പദ്ധതിയുടെ ഭാഗമായി നേരത്തെ തന്നെ സ്കൂളിൽ ആധുനിക സൗകര്യങ്ങളോടെ വിദ്യാർത്ഥികൾക്കായി ‘സ്പെഷ്യൽ കെയർ സെന്റർ’ ആരംഭിച്ചിരുന്നു. ഭിന്നശേഷിയുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങൾക്കുള്ള പിന്തുണയും പരിചരണവും ലഭ്യമാക്കുന്നതിനൊപ്പം ‘ചിറകുകൾ’ പദ്ധതിയുടെ പ്രവർത്തന ഓഫീസായും സെന്റർ പ്രവർത്തിച്ചുവരുന്നു.

പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ സഹകരണത്തോടെയും സ്കൂൾ പൂർവ്വ വിദ്യാർത്ഥികളായ ഡോക്ടർമാരുടെയും അധ്യാപകരുടെയും ബിസിനസ് രംഗത്തുള്ളവരുടെയും,വിവിധ വകുപ്പ് മേധാവികൾ,സാമൂഹ്യനീതി വകുപ്പ്
ജന പ്രതിനിധികൾ,തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ,സംസ്ഥാന സർക്കാർ
എന്നിവരുടെ പിന്തുണയോടെയും ആവശ്യമായ സേവനങ്ങൾ ഏകോപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

സമഗ്ര പുനരധിവാസം, ചികിത്സ, തെറാപ്പി, കൗൺസിലിങ്, തൊഴിൽപരിശീലനം തുടങ്ങിയ സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഇടപെടലുകൾ ശക്തിപ്പെടുത്തും. ഭിന്നശേഷിക്കാരായ മക്കളുടെ ഭാവിയെക്കുറിച്ചുള്ള മാതാപിതാക്കളുടെ ആശങ്കകൾക്ക് പരിഹാരം കാണുന്നതിനുള്ള ഇടപെടലുകൾ, ഭിന്നശേഷി സൗഹൃദ അടിസ്ഥാനസൗകര്യ വികസനം, വൊക്കേഷണൽ ട്രെയിനിങ് കേന്ദ്രങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സാമൂഹ്യനീതി വകുപ്പിന്റെയും ഏകോപനത്തോടെ ക്ഷേമപദ്ധതികൾ ലഭ്യമാക്കുന്നതിനുള്ള സഹായങ്ങൾ എന്നിവയും പദ്ധതിയുടെ ഭാഗമായി നടപ്പാക്കും.

പല കുടുംബങ്ങളിലും ഭിന്നശേഷിയുമായി ബന്ധപ്പെട്ട വെല്ലുവിളികൾ വൈകിയാണ് തിരിച്ചറിയപ്പെടുന്നത്. ഇതുമൂലം ആവശ്യമായ ചികിത്സയും തെറാപ്പിയും വൈകുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി ബോധവൽക്കരണം, പ്രാരംഭ തിരിച്ചറിവ്, സമയബന്ധിത ഇടപെടൽ എന്നിവയ്ക്കും പദ്ധതിയിൽ പ്രത്യേക പ്രാധാന്യം നൽകും.

ഭിന്നശേഷി ശാക്തീകരണ പ്രവർത്തനങ്ങളിൽ മാതൃകാപരമായ ഇടപെടലുകൾ നടത്തുന്ന മികച്ച ഭിന്നശേഷി സൗഹൃദ കുടുംബത്തിന് ‘ചിറക് കുടുംബ അവാർഡ്’ ഏർപ്പെടുത്തും. ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ, സ്വാതന്ത്ര്യം, സാമൂഹിക പങ്കാളിത്തം, വിദ്യാഭ്യാസം, തൊഴിൽ, ദൈനംദിന ജീവിതത്തിലെ സ്വയംപര്യാപ്തത എന്നിവ പ്രോത്സാഹിപ്പിക്കുന്ന കുടുംബങ്ങളെയാണ് അവാർഡിനായി പരിഗണിക്കുക.

കൂടാതെ ഭിന്നശേഷി വിദ്യാർത്ഥികളുടെ അനുഭവങ്ങളും സൃഷ്ടികളും ഉൾപ്പെടുത്തി പ്രത്യേക പുസ്തകം പ്രസിദ്ധീകരിക്കും. വിവിധ സർക്കാർ സഹായ പദ്ധതികൾക്ക് ഓൺലൈനായി അപേക്ഷ നൽകുന്നതിനും ആവശ്യമായ സേവനങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരുന്നതിനുമായി ‘ചിറക് പോർട്ടൽ/മൊബൈൽ ആപ്പ്’ സംവിധാനം ഒരുക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്.

വിദ്യാഭ്യാസം, ആരോഗ്യം, പാർപ്പിടം, തൊഴിൽ, സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ മേഖലകളിലെ പങ്കാളിത്തം എന്നിവ ശക്തിപ്പെടുത്തി വിവേചനരഹിതവും ഉൾക്കൊള്ളുന്നതുമായ ഒരു സമൂഹം സൃഷ്ടിക്കുകയാണ് ‘ചിറകുകൾ’ പദ്ധതിയുടെ ലക്ഷ്യമെന്ന് കോർഡിനേറ്റർ കെ.എം. ഇസ്മായിൽ മാസ്റ്റർ അറിയിച്ചു.

Comments
Please Login to comment.
LATEST NEWS
ഗസ്സയിൽ ഡ്രോൺ ആക്രമണം: പഠനസാമഗ്രികൾ വാങ്ങാൻ പോയ എട്ടുവയസ്സുകാരിയും പിതാവും കൊല്ലപ്പെട്ടു
സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി മോദിയും! കോച്ചിങ് സെന്റർ ഗൈഡിലെ പരാമർശം വൻ വിവാദത്തിൽ
ജി. സുധാകരനെതിരെ രൂക്ഷമായ സാമ്പത്തിക ആരോപണങ്ങളുമായി എച്ച്. സലാം എം.എൽ.എ
🚨 ആളെ കാണാനില്ല - സഹായം അഭ്യർത്ഥിക്കുന്നു 🚨
ക്രിമിനൽ കുറ്റത്തിൽ നിന്ന് കോടികളുടെ നികുതി വരുമാനത്തിലേക്ക്; അശ്ലീല സിനിമാ നിർമ്മാണം നിയമവിധേയമാക്കാൻ യുക്രെയ്ൻ പാർലമെന്റ് നീക്കം
കള്ളന്മാർ നിങ്ങളെ ഭരിക്കട്ടെ, ഇനി സ്വന്തം ജീവിതം ആസ്വദിക്കും’; പിറന്നാൾ ദിനത്തിൽ രാഷ്ട്രീയ പ്രവേശനത്തോടും നിലപാടുകളോടും വിടപറഞ്ഞ് അഖിൽ മാരാർ
ഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് അഭിജിത് ദിപ്കെ; പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യം
അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥന് പുളിക്കൽ എം.എസ്.എഫിന്റെ ആദരം